വളരെ മുമ്പാണ്. അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കുമുമ്പ്. കൃത്യമായിപ്പറഞ്ഞാല്‍ നാട്ടില്‍ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വന്നതിന്റെ അടുത്ത വര്‍ഷം. കരാട്ടി വീട്ടില്‍ അബ്‌ദുറഹിമാന്‍ എന്ന അബ്‌ദു നാടുവിട്ടു. അബ്‌ദു നാടുവിട്ടതില്‍ എല്ലാവര്‍ക്കും ദു:ഖമുണ്ടായിരുന്നു. ചിലര്‍ തേങ്ങി, ചിലര്‍ പായ്യ്യാരം പറഞ്ഞു. എന്നാലും അബ്‌ദുവിന്റെ ഉമ്മ മാത്രം കരഞ്ഞില്ല. മാത്രമല്ല, സന്തോഷിക്കുകയും ചെയ്യുന്നതായി അയല്‍പക്കത്തെ കദീശത്താത്ത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഓന് പോയത് നന്നായി, എബ്‌ടെങ്കിലും പോയി നന്നായ്‌ക്കോട്ടെ എന്ന് ബിയ്യുമ്മ മോനെപ്പറ്റി പറഞ്ഞതായി വിളിക്കാരത്തി കദീശത്താത്ത പറഞ്ഞാല്‍ അപ്പീലില്ല. എന്നാലും അതപ്പടി വിഴുങ്ങാന്‍ തയ്യാറില്ലാത്ത ചിലര്‍ ബിയ്യുമ്മയെക്കണ്ട് വാര്‍ത്ത സ്ഥിരീകരിച്ചതായും ഇടിയങ്ങരയില്‍ ശ്രുതിയുണ്ട്. ബിയ്യുമ്മക്കിതെന്തുപറ്റിയെന്നാണ് നാട്ടുകാര്‍ക്ക് മനസ്സിലാവാത്തത്. തങ്കംപോലത്തെ ചെക്കന്‍. പരോപകാരി. നാട്ടിലെ എന്തു പ്രശ്‌നത്തിലും മുന്നിട്ടിറങ്ങുന്നവന്‍. എല്ലാവര്‍ക്കും അബ്‌ദുവേണം. കല്ല്യാണ വിട്ടിലും മരിച്ച വീട്ടിലും അബ്‌ദുവിന്റെ സാന്നിധ്യമുണ്ടാവും. എല്ലാത്തിനും ഓടിച്ചാടി നടന്ന്... അബ്‌ദുവിന്റെ വീരഗാഥകളോതാന്‍ നൂറു നാവുകളാണ് നാട്ടുകാര്‍ക്ക്. ടെലിഫോണ്‍ പോസ്റ്റിലൊറ്റക്കു കയറി രാഷ്‌ട്രീയ എതിരാളികളുടെ കൊടി പറിച്ചു വലിച്ചെറിഞ്ഞതും സ്വന്തം പാര്‍ട്ടിയുടെ കൊടി പാറിച്ചതും അബ്‌ദുവായതിനാലാണ് കച്ചറയും ഗുലുമാലും ഒഴിവായതെന്നുതന്നെയാണ് ഞങ്ങള്‍ നാട്ടുകാരുടെ വിശ്വാസം. പിന്നെ മെലിഞ്ഞവനാണെങ്കിലും അബ്‌ദുവിനോട് ഒന്നുരണ്ടാള്‍ക്കൊന്നും ഏറ്റുമുട്ടാനാവില്ലെന്നും എല്ലാവര്‍ക്കുമറിയാം. മുഖദാര്‍ കടപ്പുറത്തുവെച്ച് കച്ചറക്കു വന്ന രണ്ടു കടലിന്റെ മക്കളെ അടിച്ചുമലര്‍ത്തിയ അബ്‌ദുവിന്റെ കൈയ്യുക്ക് പ്രസിദ്ധമാണല്ലോ. അതോടുകൂടിയാണ് തോണിക്കാരുടെ അഹമ്മതി കുറേ അടങ്ങിയതും. രാത്രി നേരത്ത് കടലില്‍നിന്ന് തിരിച്ചു വന്ന് മക്കാനിയില്‍ കയറി വരട്ടിയതും പൊറാട്ടയും ലെഡുവും വാരിവലിച്ചു തിന്ന്, കോപ്രാട്ടികള്‍ കാട്ടിയും കൈത്തരിപ്പു തീര്‍ത്തും തിരിച്ചു പോകുന്ന പുസ്‌ലാന്‍മാരുടെ ശല്യവും പിന്നെയാരും അനുഭവിച്ചിട്ടില്ല.
അവനെവിടെപ്പോയി. അതായിരുന്നു എല്ലാവരുടെയും അന്വേഷണം. ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. കാരണം അവന്‍ നാടുവിടുന്ന കാര്യം അവുക്കു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവുക്കു അറിയാതെ അബ്‌ദു ഒന്നും ചെയ്യില്ലെന്നതും ഞങ്ങളുടെ വിശ്വാസത്തില്‍പ്പെട്ടതാണ്.
ഈയടുത്ത കാലത്തായി അബ്‌ദുവില്‍ വന്ന മാറ്റം ഞങ്ങള്‍ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ കഴിഞ്ഞ അപ്പവാണിഭ നേര്‍ച്ചക്കു ശേഷമാണ് ഈ മാറ്റം അബ്‌ദുവില്‍ പ്രകടമായി കണ്ടതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പതിവുപോലെ കച്ചവടത്തിന് സ്ഥലം പിടിക്കാനുള്ള കുറ്റിയടിക്കാനും പന്തല്‍ കെട്ടാനും വഴിവാണിഭക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്തും ഇടിയങ്ങരയിലെ താല്‍ക്കാലിക ദാദാമാര്‍ കുറ്റിയടിച്ചുവെച്ച് സ്ഥലം വില്‍ക്കുന്നതു തടഞ്ഞും അബ്‌ദുവും കമ്പനിയും വിലസി. നാട്ടുകാരുടെ സംഘടനയായ ദേശരക്ഷാ സംഘത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദാദാമാര്‍ അടങ്ങി. പക്ഷേ അബ്‌ദു പരോപകാരിയാണെന്നും കച്ചറക്കാരനല്ലായെന്നും സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത എസ്. ഐ ഉണ്ണികൃഷ്‌ണനറിയില്ലല്ലോ. ആരോ അദ്ദേഹത്തോട് അബ്‌ദു ദാദാപൈസ പിരിക്കുന്നവനാണെന്നും, അപ്പവാണിഭത്തിന് കുഴപ്പങ്ങളുണ്ടാക്കി നടക്കുന്നവനാണെന്നും പറഞ്ഞത്രെ. പിന്നെ ക്രമസമാധാനനില സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ കാത്തുസൂക്ഷിക്കുന്ന എസ്.ഐക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? അദ്ദേഹം അബ്‌ദുവിനെ തേടിയെത്തി. അയാള്‍ കുഴപ്പക്കാരനല്ലെന്നുള്ള ദേശരക്ഷാ സമിതിയുടെ വാക്കാലുള്ള സര്‍ട്ടിഫിക്കറ്റില്‍ സംതൃപ്‌തനായി എസ്.ഐ ഇടിയങ്ങരയില്‍ ചുറ്റി നടന്നു. കൂടെ അബ്‌ദുവിനോട് അടങ്ങിയൊതുങ്ങി ജീവിക്കാന്‍ താക്കീതു ചെയ്യാനും അയാള്‍ മറന്നില്ല.
അപ്പവാണിഭത്തിരക്കിലൂടെ ട്രോളിയില്‍ നേര്‍ച്ച വസ്‌തുക്കളും മുന്നില്‍ കുത്തു റാത്തീബു പാര്‍ട്ടിയുമായി തീയ്യൂത്തുകാരുടെ അകമ്പടിയോടെ ചക്കുംകടവു പാര്‍ട്ടിക്കാരുടെ `വരവ്' പള്ളിമുറ്റത്തെത്തി. കുത്തു റാത്തിബ് നടത്തി നേര്‍ച്ച വസ്‌തുക്കള്‍ നല്‍കി ചീര്‍ണിയുമായി തിരിച്ചു പോകുന്നതു വരെ അബ്‌ദു പള്ളി മുറ്റത്ത് അതു കാണാനുണ്ടായിരുന്നു. അത് പതിവില്ലാത്തതാണ്. ഈ വക കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നു മാത്രമല്ല, അബ്‌ദുവതിനെ എതിര്‍ത്തു സംസാരിക്കുന്നത് നാട്ടുകാര്‍ കേട്ടതുമാണ്. പക്ഷേ അന്നു രാത്രി പള്ളിയില്‍നിന്നും ആദ്യം ചുവപ്പുകൊടികൊണ്ടും പിന്നീട് പച്ചക്കൊടികൊണ്ടും അബ്‌ദു തലയില്‍ കാതിരിക്ക മൊല്ലാക്കയെക്കൊണ്ട് ഉഴിച്ചില്‍ നടത്തിച്ചുവെന്നും അപ്പം നേര്‍ച്ച നല്‍കി ചീര്‍ണി വാങ്ങിപ്പോയെന്നും നൊട്ടസ്സന്‍ വീട്ടില്‍ മൂസ്സക്ക തെങ്ങിന്‍ തൈ നേര്‍ച്ച നല്‍കാന്‍ പോയപ്പോള്‍ കണ്ടതായി ആണയിട്ടു പറയുന്നു.
പിന്നീട് അബ്‌ദുവിന്റെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ട് ഞങ്ങള്‍ നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടു. പൊതുകാര്യത്തില്‍ അബ്‌ദു ഇടപെടാതായി. എപ്പോഴും പുരയിലോ, ഇടിയങ്ങര കുളത്തിന്റെ കപ്പടത്തിലോ വിദൂരതയിലേക്ക് കണ്ണയച്ച് അബ്‌ദു ഇരിക്കും ഒന്നും ഉരിയാടാതെ. ആരോടും മിണ്ടാട്ടമില്ലാതെ. അങ്ങനെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചില അഭിപ്രായങ്ങളും നാട്ടിലുണ്ടായി. അബ്‌ദുവിന് ജിന്ന് കൂടിയതാണെന്ന് ഒരു വിഭാഗവും അതല്ല മാനസിക രോഗമാണെന്ന് മറുവിഭാഗവും ശക്തിയായി വാദിക്കുകയും അത് വാദപ്രതിവാദങ്ങളിലും ചിലപ്പോള്‍ ചെറിയ തോതില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്‌തു. അങ്ങനെയിരിക്കുമ്പോഴാണ് ഒരുനാള്‍ അബ്‌ദു അപ്രത്യക്ഷനായത്. പിന്നീടാരും അബ്‌ദുവിനെ കണ്ടിട്ടില്ല. അബ്‌ദു എവിടെപ്പോയി അതായിരുന്നു നാട്ടുകാര്‍ അന്യോന്യം ചോദിച്ചത്. ഓന് പോയത് നന്നായി എന്നും തുണീം കുപ്പായോം എടുത്തോണ്ടാ പോയതുമെന്നും പെറ്റുമ്മ പറയുമ്പോള്‍ നാട്ടുകാര്‍ക്ക് മറ്റൊന്നും അനിഷ്‌ടകരമായി ചിന്തിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ കാണാതായ അബ്‌ദുവിനെ കണ്ടെത്താന്‍ ആക്‌ഷന്‍ കമ്മിറ്റികളൊ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളൊ ഭീമ ഹരജികളൊ നാട്ടിലുണ്ടായില്ല. തിരക്കുള്ള നാട്ടുകാര്‍ അബ്‌ദുവിനെ ക്രമേണ മറന്നു. ഇടിയങ്ങരയും കുളപ്പടവും അബ്‌ദുവിനെ മറന്നു. കല്യാണ വീട്ടിലും മരണ വീട്ടിലും ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പലരുമുണ്ടായി. അപ്പവാണിഭത്തിന് സ്റ്റാളുകെട്ടാന്‍ പതിവുപോലെ തര്‍ക്കങ്ങളുണ്ടായി. കുറ്റിയടിച്ചുവെച്ച് സ്ഥലം വില്‍ക്കാന്‍ ദാദാമാര്‍ ഉണ്ടായി. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അബ്‌ദുമാരും അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന് ഉപദേശിക്കാന്‍ പുതിയ എസ്. ഐമാരുമുണ്ടായി. ഇതൊന്നും കാണാന്‍ ബിയ്യുമ്മ ഉണ്ടായിരുന്നില്ല. കാരണം ബിയ്യുമ്മ അപ്പോഴേക്കും കണ്ണംപറമ്പില്‍ അന്ത്യവിശ്രമത്തിലായിരുന്നു.
പിന്നീടൊരിക്കല്‍ ഞങ്ങള്‍ ഇടിയങ്ങരക്കാര്‍ ഞെട്ടിത്തെറിച്ചു. ദേശ രക്ഷാസംഘക്കാരും അവുക്കുവും ഞെട്ടി. സുബ്‌ഹ് നിസ്‌ക്കരിച്ച് മക്കാനിയില്‍ ചെന്ന് കല്‍ത്തപ്പവും ചായയും കഴിച്ച് നാട്ടുവര്‍ത്താനം പറഞ്ഞു കൊണ്ടിരിക്കുന്നവരും ഞെട്ടി. എന്നോ നാടുവിട്ട അബ്‌ദുവിനെ പലരും പല സ്ഥലത്തും കണ്ടെന്ന് പറഞ്ഞാല്‍ ഞെട്ടാതിരിക്കുമോ? അതും മലപ്പുറത്തും അജ്‌മീരിലും മൈസൂരിലും ഉള്ളാളിലും ഏര്‍വാടിയിലും കണ്ടവരുണ്ടത്രേ. അതും ഒരേ ദിവസം ഒരേ സമയം പലയിടങ്ങളിലായി പലരും കണ്ടുവത്രേ. ഞങ്ങള്‍ അബ്‌ദുവിനെ നേരിട്ട് കണ്ടവരെ കണ്ടില്ല. കണ്ടവരെ കണ്ടവരേയും കണ്ടില്ല. അവരെ കണ്ടവരെയാണ് കണ്ടത്. അവരാണ് വാര്‍ത്തകള്‍ക്കു സ്ഥിരീകരണം നല്‍കിയതും ഇടിയങ്ങരക്ക് ഞെട്ടല്‍ സമ്മാനിച്ചതും. ഇടിയങ്ങരയിലെ പൗര പ്രമുഖരും രാഷ്‌ട്രീയക്കാരും സംഘടനകളും കാത്തിരുന്നു. സ്‌കൂള്‍ കുട്ടികളും കോളേജ് കുമാരീ കുമാരന്മാരും കാത്തിരുന്നു. കരാട്ടി വീട്ടില്‍ അബ്‌ദുറഹിമാന്‍ എന്ന അബ്‌ദുവിന്റെ തിരിച്ചുവരവിനായി. ദിവസങ്ങളോളം, വര്‍ഷങ്ങളോളം, നൂറ്റാണ്ടുകളോളം...
(ഇതൊരു കഥ മാത്രം)
2010, ഏപ്രിൽ 1, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ