പേജുകള്‍‌

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ബര്‍ക്കത്തുള്ള പെണ്ണ്‌

പാറയില്‍ അബ്‌ദു ഹാജി എന്ന അബ്‌ദുള്ളക്കോയ ഹാജിയുടെ പുന്നാര മോള്‌ കദീശു ബര്‍ക്കത്തുള്ളോളാണ്‌. അബ്‌ദുഹാജിക്ക്‌ മോളെന്ന്‌ വെച്ചാല്‍ ജീവനാണ്‌. അതങ്ങനെയല്ലാതെ വരുമോ. കല്ലായി പുഴയില്‍ തെരപ്പന്‍ കുത്തി നടന്ന ഹാജിയാര്‌ മരപ്പാണ്ടികശാലയുടെ ഉടമയായത്‌ കെട്ടിയോള്‍ ബീപാത്തു കദീശുവിനെ പെറ്റതിനു ശേഷമാണെന്ന്‌ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഹാജിയാരു തന്നെ തലയുയര്‍ത്തി അഭിമാനപൂര്‍വം കുറ്റിച്ചിറ കുളപ്പടവിലിരുന്ന്‌ നാലാള്‍ കേള്‍ക്കേ പറയാറുള്ളതാണ്‌ `ന്റെ മോള്‌ കദീശു ബര്‍ക്കത്തുള്ളോളാ'. കേള്‍ക്കുന്നവര്‍ അതു തലകുലുക്കി, തലചൊറിഞ്ഞ്‌ സമ്മതിച്ചു കൊടുക്കും `നേരാ ഇങ്ങള്‌ പറഞ്ഞത്‌ ഓള്‌ പാഗ്യള്ളോളാ'. പിന്നെ കാക്കാന്റെ മക്കാനിയില്‍നിന്ന്‌ ചായയും കല്‌ത്തപ്പവും കഴിച്ച്‌ തന്റെ പഴയ കാലത്തേക്ക്‌ കുതിച്ചുപായും ഹാജിയാര്‌. എല്ലാം കഴിഞ്ഞ്‌ തോള്‍മുണ്ട്‌ ശരിയാക്കി ഹാജിയാര്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോവുമ്പോള്‍ മക്കാനിയില്‍നിന്ന്‌ പറയുന്നത്‌ കേള്‍ക്കാം ` തീരെ കിബറില്ലാത്ത മനിസനാ'.
പ്രകൃതി കദീശുവിന്റെ പൂമേനിയില്‍ കാലത്തിനൊത്ത്‌ ചിത്രം വരച്ചപ്പോള്‍ പത്രാസിനും പങ്കീസിനുമൊത്ത പുതിയാപ്പിളനെ കണ്ടെത്താനുള്ള നൊട്ടോട്ടത്തിലായി കല്ല്യാണ ബ്രോക്കര്‍മാര്‍. ഹാജിയാരുടെ മോള്‍ക്ക്‌ നല്ല ഒരു ബന്ധം ഒത്തു വന്നാല്‍ ബ്രോക്കര്‍ക്ക്‌ കോളാവും എന്നറിയാവുന്നവര്‍ തലങ്ങും വിലങ്ങും ഓടി. കദീശു എന്ന മൊഞ്ചത്തിക്ക്‌ ഒത്തൊരു മാരനെ തേടി. കൊണ്ടുവരുന്ന ആലോചനയൊന്നും ഹാജിയാര്‍ക്ക്‌ പിടിച്ചില്ല. ഒന്നുകില്‍ പുതിയാപ്പിളക്ക്‌ തറവാടുപോര, തറവാടൊത്താല്‍ `മൊഞ്ച്‌' പോര, തറവാടും സൗന്ദര്യവുമൊത്താല്‍ പഠിപ്പു പോര. അങ്ങനെ നീണ്ടുപോയി കുറവുകളുടെ പട്ടിക. എല്ലാമൊത്തൊരു മാരനെ കൊണ്ടുവന്നത്‌ കല്ല്യാണ ബ്രോക്കര്‍ ഹസ്സന്‍ക്ക്യയാണ്‌. പുതിയാപ്പിളക്ക്‌ തങ്കം പോലത്തെ സ്വഭാവം, പത്രാസും പങ്കീസുമുള്ള തറവാട്‌, ഉറുമാന്‍ പഴത്തിന്റെ നിറം, പഠിപ്പുണ്ട്‌, പോരെങ്കില്‍ ജോലി അങ്ങ്‌ പെനാംഗിലും. ഹാജിയാര്‍ക്കും ബീപാത്തുവിനും പുതിയാപ്പിളയെ ഇഷ്‌ടപ്പെടാന്‍ ഇതില്‍ കൂടുതലെന്തു വേണം. ഹാജിയാര്‍ക്കിഷ്‌ടപ്പെട്ടപ്പോള്‍ ഹസ്സന്‍ക്ക്യ തുള്ളിച്ചാടി കൊപ്രസ്സന്‍ വീട്ടിലേക്ക്‌ പാഞ്ഞു. ആലിക്കോയന്റെ ബാപ്പ അവറാന്‍ കോയ ഹാജിയുമായി ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍.
അറസ്സാമാനവും മറ്റും നല്‍കാമെന്ന്‌ അബ്‌ദുഹാജിയും രണ്ടര പവന്‍ മഹറായി കൊടുക്കാമെന്ന്‌ അവറാന്‍ കോയ ഹാജിയും സമ്മതിച്ചതോടെ കൊപ്രസ്സന്‍ വീട്ടില്‍വെച്ച്‌ വാക്ക്‌ കൊടുക്കല്‍ ഗംഭീരമായി നടത്തപ്പെട്ടു. ഹാജിയാരും ഇരുപതാളുകളും പെണ്ണിന്റെ ഭാഗത്തുനിന്ന്‌ ചടങ്ങിന്‌ ചെന്നു. റബിയുല്‍ അവ്വല്‍ പതിനാലിന്‌ നിക്കാഹും കല്ല്യാണവും നിശ്ചയിക്കപ്പെട്ടു.
പാറയില്‍ തറവാട്‌ അടിയന്തിരത്തിന്റെ ഒരുക്കങ്ങളിലേക്ക്‌ നീങ്ങി. വിളി കൊടുക്കലിന്റെയന്ന്‌ കല്ല്യാണത്തിന്‌ ക്ഷണിക്കേണ്ട പെണ്ണുങ്ങളുടെ ലിസ്റ്റ്‌ ബീപാത്തുവും നാത്തൂന്‍മാരും മറ്റു കാരണോത്തികളും കൂടി തയ്യാറാക്കി ബിളിക്കാരത്തി പരക്ക പാത്തൂനെ ഏല്‍പ്പിച്ചു. അറുന്നൂറു വീടുകളുടെ ലിസ്റ്റുമായി, പുതിയ പോക്കണവും ധരിച്ചു കുടയുമെടുത്ത്‌ പാത്തു ഇറങ്ങി.
`പാറയിലെ ബീപാത്തുന്റെ മോള്‌ കദീശൂന്റെ കല്ല്യാണം റബിയുല്‍ അവ്വല്‍ പതിനാലിന്‌ ഉച്ചക്കാണ്‌. ഇങ്ങളും കുട്ട്യേളും ശനിയാഴ്‌ചേം ഞാറാഴ്‌ചേം നേരത്തെ കാലത്തെ ബരണം' പാത്തുവിന്റെ ശബ്‌ദം തെക്കേപ്പുറത്തെ വീടുകളില്‍ മുഴങ്ങിയപ്പോള്‍ ആണുങ്ങള്‍ക്കുള്ള ക്ഷണക്കത്തുമായി വിളിക്കാരന്‍ മമ്മുദ്യ സൈക്കിളില്‍ തറവാടുകള്‍ കയറിയിറങ്ങി. പാറയില്‍ മുറ്റത്ത്‌ പന്തലിന്റെ പണിതുടങ്ങിയപ്പോള്‍, അകത്ത്‌ കാരണോത്തികള്‍ മുറുക്കിത്തുപ്പി കാലും നീട്ടിയിരുന്ന്‌ അരി ചേറലിന്‌ നേതൃത്വം നല്‍കി. കുറ്റിച്ചിറ കുളപ്പടവിലും പുളിന്റെചോട്ടിലും കൂടിയ തെക്കേപ്പുറത്തെ ആണുങ്ങള്‍ കല്ല്യാണ ഒരുക്കങ്ങളുടെ മജ പറഞ്ഞു സമയം പോക്കി.
വെറ്റില കെട്ടിനു തന്നെ ആയിരത്തോളമാളുകള്‍ അണിനിരന്നു. വന്നവര്‍ക്കെല്ലാം നെയ്‌ച്ചോറും കോഴി ഇസ്റ്റും മൂരിയിറച്ചി വരട്ടിയതും നല്‌കി. വെപ്പുകാരന്‍ മൊയ്‌തീന്‍ തോളില്‍ മുണ്ടിട്ട്‌ ആള്‍ക്കൂട്ടത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. അകത്ത്‌ പെണ്ണുങ്ങളുടെ ബഹളത്തിനിടക്കും ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ ഉയര്‍ന്നുപൊങ്ങി. കാച്ചിയും തട്ടവുമിട്ട പെണ്ണുങ്ങള്‍ പുയ്യ്യോട്ടിയുടെ കൈകളില്‍ മൈലാഞ്ചിയണിയിച്ചു ഓശാരം നല്‍കി. അബ്‌ദു ഹാജി അഭിമാനപൂര്‍വം പടാപ്പുറത്ത്‌ ഉലാത്തിയപ്പോള്‍ നടുവകത്ത്‌ പെണ്ണുങ്ങള്‍ക്ക്‌ വെറ്റിലടക്ക കൊടുക്കുന്ന തിരക്കിലായിരുന്നു ബീപാത്തു. വര്‍ത്തമാനത്തിന്റെ കിസയഴിച്ചു പന്തലിലെ സ്റ്റേജില്‍ വട്ടത്തിലിരുന്ന പ്രമുഖര്‍ വെറ്റിലകെട്ടും കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഹൈദ്രോസ്‌ പള്ളിയില്‍നിന്ന്‌ സുബഹ്‌ ബാങ്ക്‌ ഉയര്‍ന്നു. കിഴക്ക്‌ വെള്ള കീറുമ്പോഴും വെപ്പുപന്തലില്‍നിന്ന്‌ തേങ്ങ ചിരകുന്നതിന്റേയും ഉള്ളിയരിയുന്നതിന്റേയും ഇറച്ചി കഴുകുന്നതിന്റേയും ശബ്‌ദം ഉയരുന്നുണ്ടായിരുന്നു.
മിശ്‌കാല്‍ പള്ളിയില്‍നിന്ന്‌ ളുഹര്‍ നമസ്‌കരിച്ച്‌ ആണുങ്ങള്‍ പാറയിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. പുതിയാപ്പിളക്കും പാര്‍ട്ടിക്കും ഗംഭീര വരവേല്‍പ്പാണ്‌ നല്‌കിയത്‌. പുതിയാപ്പിളയെ സ്റ്റേജില്‍ വിരിച്ച വെള്ളയിലിരുത്തി. ഖാസി നിക്കാഹിനു നേതൃത്വം നല്‌കി. മാസറ വിരിച്ച്‌ ചൂടുള്ള കോഴി ബിരിയാണി വിളമ്പി. പെണ്ണുങ്ങളുടെ പുതുക്കവും മറുപുതുക്കവും ഒരുല്‍സവം തന്നെയായിരുന്നു പ്രദേശത്തുകാര്‍ക്ക്‌. പുതുക്കത്തിന്‌ തൊണ്ണൂറു പെണ്ണുങ്ങള്‍ വന്നപ്പോള്‍ മറുപുതുക്കത്തിന്‌ എണ്‍പതു പെണ്ണുങ്ങളും പത്തു കുട്ടികളുമാണ്‌ പാറയില്‍നിന്നു പോയത്‌. പുതിയാപ്പിളയുടെ കാരണവന്മാരും സ്‌നേഹിതന്മാരുമടക്കം നൂറ്റിയമ്പതു ആള്‍ക്കാരോളം പങ്കെടുത്ത രാത്രിയിലെ `മൂടൈമാണവും' കഴിഞ്ഞപ്പോള്‍ തെക്കേപ്പുറത്തിന്‌ ഓര്‍മിക്കാനുള്ള ഒരു മഹാ സംഭവമായി മാറി പാറയില്‍ അബ്‌ദു ഹാജിയുടെ മകള്‍ കദീശുവിന്റെ കല്ല്യാണം. കുളപ്പടവിലും മക്കാനിയിലും ഒശാന്റെ പീടികയിലും വളരെക്കാലം അതൊരു സംസാരവിഷയമായി. നാട്ടില്‍ കോളറയും മഹാമാരിയും വന്നപ്പോള്‍ തെക്കേപ്പുറത്തുകാര്‍ അബ്‌ദു ഹാജിയുടെ ബിരിയാണിയുടേയും നെയ്‌ച്ചോറിന്റേയും രുചി മറന്നു. കല്ല്യാണപ്പൊലിമ വിസ്‌മൃതിയിലായി.
കല്ല്യാണം കഴിഞ്ഞ്‌ ആലിക്കോയ പെനാംഗിലേക്ക്‌ തിരിച്ചു പോയിട്ട്‌ ഒന്നര വര്‍ഷം കഴിഞ്ഞു. കദീശുമായുള്ള സമ്പര്‍ക്കം കത്തിലും ഫോണിലുമൊതുങ്ങി. നാട്ടിലേക്ക്‌ വരാന്‍ ലീവ്‌ കിട്ടുന്നില്ലെന്ന പുതിയാപ്പിളയുടെ പരാതി കേട്ട്‌ ഹാജിയാരും ബീപാത്തും നെടുവീര്‍പ്പിട്ടു. കദീശുവിന്റെ സുഖവിവരമറിയാന്‍ പുതിയാപ്പിളയുടെ സ്‌നേഹിതന്‍ ബഷീര്‍ ഇടക്കിടക്കും ബാപ്പ അവറാന്‍ ഹാജി വല്ലപ്പോഴും വന്നു. ബഷീര്‍ ഹാജിയാര്‍ സ്ഥലത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും വന്നു. കദീശു ബഷീറിന്‌ ചായയും പലഹാരങ്ങളും കൊടുത്തു. ബഷീര്‍ നാട്ടിലേയും പെനാംഗിലേയും ആലിക്കോയയുടെ കഥകള്‍ പറഞ്ഞു. കഥ കേട്ട്‌ കദീശു ചിരിച്ചപ്പോള്‍ കൂടെ ബഷീറും ചിരിച്ചു.
`പാറയിലെ കദീശൂന്‌ പള്ളേലാണ്‌ ഓള്‌ ചര്‍ത്തിക്കാന്‍ തൊടങ്ങി' അബ്‌ദുഹാജി അറിയുംമുമ്പേ കാര്യം കെട്ടിയോന്‍ പോക്കരിന്റെ ചെവിയിലെത്തിച്ചത്‌ പാറയില്‍ തറവാട്ടിലെ പണിക്കാരത്തി സൈനുവാണ്‌. പോക്കരത്‌ തൃക്കോവില്‍ ഇടവഴിയിലും തെക്കുംതലയിലും കുറ്റിച്ചിറയിലും വിതറി. നാലാള്‍ കൂടുന്നിടത്ത്‌ പറയാനും ചിരിക്കാനും ഒരുവക കിട്ടിയതില്‍ പണിയില്ലാത്ത ചെറുപ്പക്കാരും പണികഴിഞ്ഞ വൃദ്ധന്മാരും ആഹ്ലാദിച്ചു.
ഹാജിയാരുടെ ചെവിയില്‍ വിവരമെത്തിയത്‌ തെക്കുംതലയില്‍നിന്നാണ്‌. ഹാജിയാര്‍ നടന്നും ഓടിയും ചെന്നു നിന്നത്‌ പാറയിലെ പടാപ്പുറത്താണ്‌.
`ബീപാത്തു... എടീ...' ഹാജിയാരുടെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ നടുവകത്തുനിന്ന്‌ ബീപാത്തു ഉമ്മറത്തേക്കു വന്നത്‌.
`എടീ കേട്ടത്‌ നേരാണോ, കദീശൂന്‌ പള്ളേലാണോ. ഓള്‌ ചര്‍ത്തിച്ചീനോ'
`അയ്‌ന്‌ ങ്ങക്കേന്താ മനിസനേ ഓക്ക്‌ പള്ളേലാണെങ്കില്‌. ഓളെ കെട്ട്‌ കയിഞ്ഞീലേ. ഓക്ക്‌ പിയ്യാപ്ലല്ല്യേ. പിന്നെന്താത്ര ഹാലിളകാന്‌ '
`എടീ, ബലാലെ ഓളെ പിയ്യാപ്ല പോയിട്ട്‌ എത്ര കാലായി. പിന്നെങ്ങനാണ്ടി പള്ളെലാവ്വ.'
`ഇതാ മന്‌സനെ ഇങ്ങക്ക്‌ ബിവരല്ല്യാന്ന്‌ പറേണത്‌. ഓളെ പിയ്യാപ്ല ഓളോട്‌ പോണില്‌ ബിശായം പറയണില്ലേന്ന്‌. പോണിക്കൂടെ പള്ളേലാവൂലെ. ഇത്‌ പയേ കാലാണോ. ഓളും പിന്നെ, ഇബ്‌ടെ ബര്‌ണെ പിയ്യാപ്ലന്റെ ചങ്ങായി ബഷീറും പറേണത്‌ അങ്ങനെ ആവൂംന്ന. ഓലൊക്കെ പടിപ്പുള്ളോലല്ലേ.
ഓള്‌ ബര്‍ക്കത്തും അതബും ഇള്ളോള. ഇതും ഒര്‌ ബര്‍ക്കത്തല്ലേന്ന്‌' ബീപാത്തുവിന്റെ വാക്കുകളെക്കുറിച്ച്‌ ഹാജിയാര്‍ ഒരു നിമിഷമാലോചിച്ചു. പിന്നീട്‌
ചാരു കസേരയില്‍ കാലും നീട്ടിയിരുന്ന്‌ ഒന്നുകൂടിയാലോചിച്ചു. അല്‌പ സമയം അങ്ങനെ ഇരുന്ന്‌ ശരിവെക്കുന്ന രീതിയില്‍ തല കുലുക്കി. പിന്നെ നീട്ടി വിളിച്ചു ` ബീപാത്തൂ...ചോറ്‌ ബെളമ്പ്‌'.
പിറ്റേന്ന്‌ സുബഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ കാക്കാന്റെ മക്കാനിയില്‍ ചൂടു ചായയേയും കല്‌ത്തപ്പത്തേയും സാക്ഷി നിറുത്തി തന്റെ കൂടെയുള്ളവരോട്‌ ഹാജിയാര്‌ പറഞ്ഞു. ` ന്റെ മോള്‌ ബര്‍ക്കത്തുള്ളോളാ. ഓക്ക്‌ പോണിക്കൂടി ബിശേഷായി'. ചായ കുടിച്ച്‌ തോളില്‍ മുണ്ടെടുത്തിട്ട്‌ ഹാജിയാര്‍ പോകുമ്പോള്‍ ഓസിന്‌ ചായ കുടിച്ചിരുന്നവര്‍ പറഞ്ഞു `തീരെ കിബറില്ലാത്ത മനിസനാ'. അതല്ല, വര്‍ത്തമാനം കേട്ട്‌ ്‌ മക്കാനിയില്‍ ഉണ്ടായിരുന്നവര്‍ ഊറിച്ചിരിച്ചെന്നും തെക്കേപ്പുറത്ത്‌ സംസാരമുണ്ട്‌.




(ഇതൊരു കഥ മാത്രം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ