പേജുകള്‍‌

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

അലജം ബസിന്റെ വികൃതികള്


നിങ്ങള്ക്കു ചുറ്റും മലയാളികള്. ഓഫീസിലും വീട്ടിലും പിന്നെ നിങ്ങള് ബന്ധപ്പെടുന്ന എല്ലായിടങ്ങളിലും. തീര്ച്ച, വര്ഷങ്ങള് ഇവിടെ താമസിച്ചാലും നിങ്ങള്ക്ക് അറബി സംസാരിക്കാനോ, മറ്റുള്ളവര് പറയുന്നത് മനസ്സിലാക്കാനോ സാധിക്കുകയില്ല. അതൊരു ദുരന്തമാണ്. വല്ലാത്തൊരു ദുരന്തം. ഭാഷ ആശയ വിനിമയത്തിനുള്ളതാണ്. അതിന് മൂന്നാമന്റെ സഹായം തേടേണ്ടിവരുന്നതും പൊട്ടന് കളിയിലൂടെ കാര്യങ്ങള് പ്രതിഫലിപ്പിക്കപ്പെടുന്നതും ദയനീയമല്ലേ. ഇവിടെ പറന്നിറങ്ങുന്ന പുത്തന് തലമുറയെങ്കിലും ഈ ദുരന്തം നേരത്തെയറിയണം. പ്രതിവിധി ഉടന് കണ്ടെത്തണം. ഞങ്ങള് പ്രവാസികളില് ചിലര്ക്കെങ്കിലും ഉണ്ടായ ഈ ദുര്വിധി നിങ്ങളും എടുത്തു തലയില് വെച്ചേക്കരുതേ.
എന്നാലോ, ഭാഷയറിയാത്ത എനിക്ക് അതുകൊണ്ടും ഉണ്ടായി ഒരു ചെറിയ ഗുണം. അല്ല, പേടിക്കുടലനായ എനിക്ക് വലിയ ഗുണം.
ഇപ്പോഴല്ല, വര്ഷങ്ങള്ക്കു മുമ്പാണ്. ഒരു ഓഫ്ഡേ. ബലദ് ചുറ്റി ബാബ് മക്കയിലേക്കാണ് പ്രയാണം. ലക്ഷ്യം നാട്ടുകാരന് സുഹൃത്തിനെ കാണലാണ്. അദ്ദേഹത്തെ കണ്ട് ഫൈസലിയയിലെ താമസസ്ഥലത്തേക്ക് ബഫേല് എന്ന് നീട്ടി വിളിച്ച മിനി ബസില് (അലജം ബസെന്ന് ഓമനപ്പേര്) ബാബ് മക്കയില്നിന്ന് കയറിയിരുന്നു. ബസില് അഞ്ചെട്ട് പേര് ആയതോടെ ഡ്രൈവര് ബസുരുട്ടിത്തുടങ്ങി. ബസ് അടുത്തുള്ള പെട്രോള് പമ്പിനടുത്തെത്തിയപ്പോള് ഒരു പോലീസുകാരന് വാഹനങ്ങള് വഴി തിരിച്ചു വിടുന്നു. വഴിയില് എന്താണ് തടസ്സമെന്ന് അറിയില്ല. ബ്ലോക്കാകാം, ആക്സിഡന്റാകാം. ബസിനും കിട്ടി വഴിതിരിച്ചു വിടാന് നിര്ദേശം. എന്നാല് വിരുതനായ ഡ്രൈവര് പെട്രോള് അടിക്കാനെന്ന നാട്യത്തോടെ ബസ് പമ്പിലേക്ക് കയറ്റി. എന്നിട്ട് പോലീസ് നിര്ദേശം ലംഘിച്ച് ബസ് നേര്വഴിക്കുതന്നെ വിട്ടു. കുറച്ച് മുമ്പോട്ടു പോയതേ ഉള്ളൂ. പോലീസ് ബൈക്ക് ചീറിപ്പാഞ്ഞുവന്ന് ബസിനു മുമ്പില് വിലങ്ങിട്ട് ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞു. ഡ്രൈവര് ഉച്ചത്തില് തിരിച്ചും എന്തൊക്കെയോ സംസാരിച്ചു ചാടിയിറങ്ങി. പിന്നെ കയ്യാങ്കളി. പെട്ടെന്ന് എവിടെനിന്നോ കൂടുതല് പോലീസെത്തി ഡ്രൈവറെ കീഴ്പ്പെടുത്തി. ഒരു പോലീസുകാരന് ബസില് കയറി യാത്രക്കാരോട് അറബിയില് പലതും ചോദിച്ചു. യാത്രക്കാര് അറബിയില് മറുപടിയും നല്കുന്നുണ്ടായിരുന്നു. എന്റെയടുത്തും പോലീസുകാരന് അറബിയില് എന്തൊക്കെയോ ചോദിച്ചു. ഞാന് എപ്പോഴും കൊണ്ടുനടക്കാറുള്ള ഉത്തരവും നല്കി- മാ ആരിഫ് അറബി.
പോലീസുകാരന് എന്നോട് സീറ്റില്നിന്നും എഴുന്നേല്ക്കാന് പറഞ്ഞു. എന്നെ ബസിനു പുറത്തിറക്കി പൊയ്ക്കൊള്ളാന് ആംഗ്യം കാണിക്കുകയും ചെയ്തു. ഞാന് പുറത്തിറങ്ങിയപ്പോള് ബസിലുണ്ടായിരുന്ന ഒരു മലയാളി വിളിച്ചു പറഞ്ഞു: `കലാ'മറിയാത്തതുകൊണ്ട് കയ്ച്ചലായി അല്ലേ. അമ്മളെ കൊണ്ടോവ്വാ, സാക്ഷി പറയാന്.
ഹാവൂ, ഭാഷയറിയാത്തതിന്റെ ഗുണമേ! പക്ഷെ, എല്ലായ്പ്പോഴും ചക്ക വീണാല് മുയല് ചാവില്ല കേട്ടോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ