പേജുകള്‍‌

2010, മേയ് 30, ഞായറാഴ്‌ച

പുകവലിക്കാരുടെ നഷ്‌ടം

പുകവലിക്കാന്‍ ഒരുപാടു കാരണങ്ങളുണ്ട്‌ പ്രവാസിക്ക്‌. ഒറ്റപ്പെട്ട ജീവിതം തന്നെ മുഖ്യഹേതു. നാട്ടിലെ പ്രശ്‌നങ്ങള്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ അങ്ങനെപോകുന്നു. ഇതൊന്നും ഇല്ലാത്തവനും പുകവലിക്കുന്നില്ലേ. ഉണ്ട്‌, അവനുമുണ്ട്‌ അവന്റേതായ പ്രശ്‌നങ്ങള്‍ എന്നുമാത്രം. സൗദിയിലെ പല റൂമുകളിലുമുണ്ട്‌ സിഗരറ്റിന്റെ രൂക്ഷഗന്ധം. കൂട്ടമായി താമസിക്കുന്നിടങ്ങളില്‍ ചിലരെങ്കിലും കാണും വലിക്കുന്നവര്‍. പലരും റൂമില്‍ പോലും വലിക്കുന്നവര്‍. ചിലരെങ്കിലും ഫ്‌ളാറ്റിന്‌ പുറത്തിറങ്ങി പുക വലിച്ചു കയറ്റുന്നവര്‍. പുകവലിച്ചു കയറ്റുന്നതിനേക്കാള്‍ അപകടമത്രേ പുക ശ്വസിക്കുന്നത്‌. ഇങ്ങനെ പാസീവ്‌ സ്‌മോക്കേഴ്‌സും ഒറിജിനല്‍ സ്‌മോക്കേഴ്‌സും ദുരന്തങ്ങള്‍ പേറുന്നവരായി മാറുന്നു. പുകവലിയുടെ ദോഷഫലങ്ങള്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ ചോദിക്കും ഇതെന്താ മെഡിക്കല്‍ ലേഖനമാണോ എന്ന്‌. അതല്ല കാര്യം.


മറ്റൊരു ചോദ്യവുമുയരും ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍. ഉപദേശിക്കുകയല്ല. വലിക്കാരനായിരുന്ന എനിക്ക്‌ ഒന്നറിയാം. പുകവലിക്കാരില്‍ 90 ശതമാനവും പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്‌. പക്ഷേ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഈയുള്ളവനും അതേ മാനസികാവസ്ഥയായിരുന്നു, രണ്ടര വര്‍ഷം മുമ്പുവരെ.


രണ്ടര വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. എന്റെ സ്‌നേഹിതന്‍ ഷുക്കൂര്‍ സദാ പുകവലിക്കുന്നവനാണ്‌. ചെയിന്‍ സ്‌മോക്കര്‍ എന്നു പറയാം. ഞാനും സ്‌നേഹിതനും ആഴ്‌ചയില്‍ ഒരിക്കലെ കണ്ടുമുട്ടാറുള്ളു. സംസാരിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഷുക്കൂര്‍ വലിച്ചു കയറ്റും അഞ്ചെട്ട്‌ സിഗററ്റ്‌. വലിക്കാര്യത്തില്‍ എനിക്ക്‌ എത്ര ശ്രമിച്ചിട്ടും അവനെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മുന്നോ നാലോ സിഗററ്റ്‌ വലിച്ച്‌ തോല്‍വി സമ്മതിക്കും. അവന്‍ ദിവസവും രണ്ടിലധികം പായ്‌ക്കറ്റ്‌ വലിച്ചു തള്ളും. ഞാന്‍ കണ്ടതില്‍ അവനോട്‌ കിടപിടിക്കാന്‍ പോന്നവര്‍ എന്റെ ഓഫീസിന്റെ തൊട്ടടുത്ത ഞങ്ങളുടെ സഹോദരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കലാകാരനായ ഒരു പാക്കിസ്ഥാനിയും ഞങ്ങളുടെ തന്നെ മൂലസ്ഥാപനത്തില്‍ ചാനല്‍ ടെക്‌നീഷ്യനായ മിസ്‌രിയുമാണെന്നാണ്‌ തോന്നുന്നത്‌.


ഒരിക്കല്‍ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ മടങ്ങി വന്ന്‌ ഷുക്കൂറിനെ കാണാന്‍ ചെന്നു. എന്തൊരത്ഭുതം! അവന്റെ കയ്യില്‍ പുകയുന്ന സിഗരറ്റില്ല. ഞാനൊരു സിഗരറ്റിന്‌ തീ കൊളുത്തി. അവന്‍ കൊളുത്തിയില്ല. പകരം ദയനീയത കലര്‍ന്ന മുഖഭാവത്തോടെ എന്നെ നോക്കി. ഇവനിതെന്തു പറ്റി.


അവന്‍ ഒരു മാസമായത്രേ പുക വലിച്ചിട്ട്‌. ഒരു രാത്രി അവനൊരു നെഞ്ചുവേദന. ആശുപത്രിയില്‍ എത്തിയ അവന്‌ ഇ.സി.ജിയില്‍ ചെറിയ കുഴപ്പം. ഡോക്‌ടര്‍ aspirin, concor 2.5mg ടാബ്‌ലറ്റുകള്‍ നിര്‍ദേശിച്ചു. ശക്തമായ ഒരു മുന്നറിയിപ്പും നല്‍കി. ഇനിയും പുകവലിച്ചാല്‍ ഹൃദയസ്‌തംഭനം ഉണ്ടായേക്കാം. അവന്റെ മുമ്പില്‍ പണയ വീട്ടില്‍ താമസിക്കുന്ന ഭാര്യയുടേയും രണ്ട്‌ പെണ്‍മക്കളുടേയും രൂപം തെളിഞ്ഞു.

ഈ സംഭവം എന്നിലും അലയൊലി സൃഷ്‌ടിച്ചു. പക്ഷേ പുകവലി നിര്‍ത്തലിന്‌ രണ്ടാഴ്‌ചത്തെ പ്രായം. പിന്നെ റമദാനാണ്‌ പുകവലി നിര്‍ത്താന്‍ പറ്റിയ സമയം എന്ന ഉപദേശം പയറ്റിനോക്കിയതും പാളി. അവസാനം പുകവലി വിഷയത്തില്‍ തല്‍ക്കാലം ഞാന്‍ തന്നെ വിജയിച്ചു. 25 മാസം പുകയ്‌ക്കാതെ കടന്നുപോയി. കൂട്ടിക്കിഴിച്ചപ്പോള്‍ കിട്ടിയ ലാഭമോര്‍ത്ത്‌ അന്ധാളിച്ചുപോയി. ലാഭം നോക്കുമ്പോഴാണ്‌ നഷ്‌ടപ്പെട്ടതിന്റെ വ്യാപ്‌തി നാമറിയുക. പുകവലിക്കാതായപ്പോള്‍ ആ കാലയളവിലെ സാമ്പത്തിക ലാഭം -3000 റിയാല്‍ (ഏകദേശം 35000 രൂപ),

തീര്‍ന്നില്ല, ഈ കണക്കൊന്നു പരിശോധിച്ചു നോക്കൂ. വലിച്ചു കളയാതെ വിട്ട സിഗററ്റ്‌ പായ്‌ക്കറ്റിന്റെ എണ്ണം- 750, അതായത്‌ 15000 സിഗററ്റ്‌. ഒരു സിഗററ്റ്‌ 11 മിനിട്ട്‌ ആയുസ്‌ നശിപ്പിക്കുന്നു എന്ന പഠന റിപ്പോര്‍ട്ട്‌ കണക്കിലെടുത്താല്‍ 25 മാസം കൊണ്ട്‌ ലാഭിച്ച ആയുസ്‌ 165000 മിനിറ്റ്‌. (2750 മണിക്കൂര്‍=114.5 ദിവസം). അതായത്‌ ഒരു വര്‍ഷം നാം നശിപ്പിക്കുന്ന നമ്മുടെ ആയുസ്സ്‌ ഏകദേശം 55 ദിവസം. കൊല്ലത്തില്‍ 2 മാസം നാം തന്നത്താന്‍ നശിപ്പിക്കുന്നെന്നര്‍ഥം. അതായത്‌ നമ്മുടെ ആയുസ്സ്‌ 80 എന്ന്‌ കണക്കാക്കുകയാണെങ്കില്‍ 160 മാസം(13 വര്‍ഷം) നാം സ്വയം ഇല്ലാതാക്കുന്നു. തല പെരുക്കുന്നു അല്ലേ, സാരമില്ല. നഷ്‌ടങ്ങള്‍ തിരിച്ചു പിടിക്കാനാവില്ല. അധികരിപ്പിക്കാതെ സൂക്ഷിക്കാമല്ലോ.

2010, മേയ് 2, ഞായറാഴ്‌ച

മഴദുരന്തവും ശേഷിപ്പുകളും



കുട്ടികളുടെ ആഗ്രഹ്രപകാരമാണ്‌ സ്‌നേഹിതന്റെ കുടുംബവുമൊത്ത്‌ കോര്‍ണിഷില്‍ പോകാന്‍ തീരുമാനിച്ചത്‌. ഞങ്ങള്‍ ഏഴംഗ സംഘം സ്‌നേഹിതന്റെ കാറില്‍ കോര്‍ണിഷിലേക്ക്‌ നീങ്ങി. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. നാട്ടില്‍ കോഴിക്കോട്‌ ബീച്ചിനടുത്ത്‌ പിച്ചവെച്ച കാലം മുതല്‍ കടപ്പുറത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന എനിക്കും ഭാര്യക്കും സത്യത്തില്‍ ജിദ്ദ കോര്‍ണീഷ്‌ മടുപ്പാണുളവാക്കാറ്‌. സ്‌നേഹിതന്റേയും ഭാര്യയുടേയും സ്ഥിതിയും തഥൈവ. അവര്‍ മലപ്പുറം ജില്ലക്കാരെങ്കിലും നാട്ടിലെ ബീച്ചിന്റെ മനോഹാരിത ആസ്വദിച്ചവര്‍ തന്നെ.
പക്ഷേ കുട്ടികളുടെ സ്ഥിതിയതല്ല. അവര്‍ക്കിത്‌ ഫ്‌ളാറ്റെന്ന തടവറയില്‍നിന്നുള്ള മോചനമാണ്‌. മാത്രവുമല്ല, ഊഞ്ഞാലാടാനും ചാടാനും ഓടാനും തുടങ്ങി ഒരു ചെറുപൂരത്തിനുള്ള മരുന്നൊക്കെ അവിടെയുണ്ട്‌. പെട്ടെന്നാണ്‌ ഒറ്റപ്പെട്ട മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നുപതിച്ചത്‌. അപ്പോള്‍ ഞാനെന്റെ മഹിളാമണിയോട്‌ പറഞ്ഞു. നോക്കിക്കോ സൗദികളുടെ ആഹ്ലാദം. വണ്ടിയോട്ടുന്നവര്‍പോലും പുറത്തിറങ്ങി മഴ നനയും. വല്ലപ്പോഴും വരുന്ന ഈ മഴ അവര്‍ക്കൊരാഘോഷമാണ്‌.
മഴ കുറച്ചു കനത്തു. ഞാന്‍ പറഞ്ഞതിന്‌ നേര്‍വിപരീതമാണ്‌ അവിടെ സംഭവിച്ചത്‌. അവര്‍ കളിക്കുന്ന കുട്ടികളെ പരിഭ്രമത്തോടെ മാടിവിളിക്കുന്നു. തലങ്ങും വിലങ്ങും ഓടി കാറില്‍ കയറുന്നു. വെപ്രാളപ്പെട്ട്‌ എല്ലാവരും കാറോടിച്ച്‌ പോകുന്നു. അല്‍പ സമയംകൊണ്ട്‌ കോര്‍ണീഷ്‌ ഏറെക്കുറെ വിജനം. എന്താ സംഭവിക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. ഒരറബ്‌ വംശജന്‍ വെപ്രാളപ്പെട്ട്‌ കാറില്‍ കയറുന്നതിനിടെ ഞങ്ങളോട്‌ വിളിച്ചു പറഞ്ഞു- അഹമ്മദ്‌, മതര്‍ യജി. റൂഹ്‌ ബൈത്ത്‌
മഴ വരുന്നത്രെ. വേഗം വീട്ടിലേക്ക്‌ വിട്ടോളാന്‍.
കേരളീയരായ ഞങ്ങള്‍ക്കിതൊരു മഴയാണോ. കുട്ടികള്‍ മഴ നനഞ്ഞ്‌ ഊഞ്ഞാലാടുന്ന തിരക്കിലാണ്‌. അവര്‍ക്ക്‌ ഈ മഴ അനുഗ്രഹമാണ്‌. തിരക്കൊഴിയാത്ത ഊഞ്ഞാലുകളെല്ലാം എത്ര പെട്ടെന്നാണ്‌ കാലിയായത്‌. സുഖമായി എത്രനേരവും ആടിയുലയാമെന്ന ചിന്തയാണ്‌ ജെസയെ ഇത്ര സന്തോഷവതിയാക്കുന്നത്‌. സത്യത്തില്‍ നാം നാട്ടില്‍ കാണാറുള്ള ചാറ്റല്‍ മഴയുടെ ശക്തിപോലും ഇതിനില്ല. പക്ഷേ അപൂര്‍വമായി പെയ്യുന്ന ഈ മഴ പോലും ഇപ്പോള്‍ ഇവരെ ഭയപ്പെടുത്തുകയാണോ?. ഫ്‌ളാറ്റുകളില്‍നിന്ന്‌ പുറത്തിറങ്ങി മഴ നനഞ്ഞ്‌ കളിച്ചു തിമിര്‍ക്കുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും ചിത്രം ജിദ്ദക്കന്യമാവുകയാണോ. സത്യം അതാവാം. ദൂരെ രാജ്യങ്ങളില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ ചാനലുകളിലൂടേയും പത്രങ്ങളിലൂടേയും കേട്ടറിഞ്ഞ അനുഭവവും അവരെ കൈയയച്ച്‌ സഹായിച്ച ചരിത്രവും മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അവര്‍ക്കു മുമ്പിലേക്കും ദുരന്തങ്ങള്‍ വിതറാന്‍ തുടങ്ങിയിരിക്കുന്നു. മരുഭൂമിക്കു മുകളിലും പ്രകൃതിക്ക്‌ കലിതുള്ളാനാവുമെന്ന്‌ അവരുമിപ്പോള്‍ തിരിച്ചറിയുന്നു.
ആ ഷോക്കില്‍ നിന്നവര്‍ മുക്തരായിട്ടില്ല. അതിന്റെ പ്രതിഫലനമാവാം, മഴ കാണുമ്പോഴുള്ള ഈ തിരിച്ചോട്ടം.
2009 നവംബര്‍ 25 ജിദ്ദക്കെന്നല്ല സൗദി അറേബ്യക്കുതന്നെ മറക്കാനാവാത്ത ദിനമായിരുന്നു. അന്നാണ്‌ ജിദ്ദക്കുമേല്‍ പ്രകൃതി കലിതുള്ളിയാടിയത്‌. ഇരുണ്ടു കനത്ത മഴമേഘങ്ങള്‍ ജിദ്ദക്കുമേല്‍ പെയ്‌തൊഴിഞ്ഞു. അപ്രതീക്ഷിതമായി റുവൈസ മേഖലയിലൂടെ കുത്തിയൊഴുകിയ മലവെള്ളം കൊടിയ നാശമാണ്‌ വിതറിയത്‌. നൂറ്റമ്പതോളം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത പ്രളയം പതിനായിരത്തിനടുത്ത്‌ വാഹനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന്‌ ഫ്‌ളാറ്റുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ നൂറുകണക്കിന്‌ സ്ഥാപനങ്ങള്‍ക്കും വിതച്ച നാശം വിവരണാതീതമായിരുന്നു. എക്‌സ്‌പ്രസ്‌വേയിലൂടെപ്പോലും കുതിച്ചാര്‍ത്ത ജലത്തിലൂടെ പക്ഷിമൃഗാദികളും വീട്ടുപകരണങ്ങളും വന്‍ വാഹനങ്ങള്‍പോലും ഒഴുകിപ്പോയി.
അന്ന്‌ ദുല്‍ഹജ്‌ എട്ടായിരുന്നു. പിറ്റേന്ന്‌ അറഫ. ഹാജിമാര്‍ ഹജിനുള്ള അവസാന ഒരുക്കത്തിലും സൗദി ഭരണകൂടം ഹാജിമാരുടെ പൂര്‍ണ സുരക്ഷക്കുള്ള ഏര്‍പ്പാടിലും മുഴുകിയിരിക്കുന്ന സമയം. എങ്കിലും ഗവണ്‍മെന്റ്‌ മെഷിനറിയുടേയും മറ്റും തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനം ജനങ്ങള്‍ക്കാശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി. നഷ്‌ടങ്ങള്‍ക്കൊപ്പം അഭ്യൂഹങ്ങളും ജിദ്ദാവാസികളെ തളര്‍ത്തിക്കളഞ്ഞു. അതിലൊന്നും ഭീകരവുമായ വാര്‍ത്ത മസ്‌ക്‌ തടാകം (ജിദ്ദയിലേയും പ്രാന്തങ്ങളിലേയും മലിനജലം ഒഴുക്കിക്കളയുന്ന സ്ഥലം. പ്രതിദിനം 1400-ഓളം ടാങ്കറുകള്‍ മലിനജലം ഇവിടെ ഒഴുക്കി കളയുന്നെന്നാണ്‌ കണക്ക്‌. നീളം നാല്‌ കി.മീറ്ററോളവും വീതി പല ഭാഗങ്ങളിലും 1.5 കീ.മീറ്ററിലധികവും. സംഭരണിയില്‍ മൂന്നു കോടി ക്യുബിക്‌ മീറ്ററിനടുത്ത്‌ ജലം). തകര്‍ന്നു എന്നതായിരുന്നു. ചില വെബ്‌സൈറ്റുകളും തെറ്റായ ഈ വാര്‍ത്തക്ക്‌ ഊന്നല്‍ നല്‍കിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തെറിച്ചത്‌ ജിദ്ദാ നിവാസികള്‍ മാത്രമായിരുന്നില്ല. അഭ്യൂഹം എന്നതില്‍ കവിഞ്ഞ്‌ യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഇതിനില്ലായിരുന്നു. സര്‍ക്കാര്‍ മിഷനറിയുടേയും ജിദ്ദ ബലദിയയുടേയും തക്കസമയത്തുള്ള ഇടപെടലും ഇതിനൊരു തകരാറുമില്ലെന്ന്‌ പത്രങ്ങളിലൂടേയും ചാനലുകളിലൂടേയും മറ്റും ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും അഭ്യൂഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും ജനങ്ങളില്‍ ആശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി.
ദുല്‍ഹജ്‌ 11 നായിരുന്നു ഞങ്ങള്‍ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്‌. എന്നെ കൂടാതെ രണ്ടു സഹപ്രവര്‍ത്തകരും അയല്‍ക്കാരനുമായിരുന്നു സംഘാംഗങ്ങള്‍. ദുരന്തം കഴിഞ്ഞ്‌ നാലാം ദിവസം. അപ്പോഴും പല വഴികളും തകര്‍ന്നു കിടക്കുകയായിരുന്നു. ചില വഴികളില്‍ പോലീസും സൈന്യവും കടുത്ത നിയന്ത്രങ്ങളുമേര്‍പ്പെടുത്തിയിരുന്നു. എങ്കിലും ഞങ്ങളുടെ കാര്‍ ദുരന്തഭൂമിയിലെത്തി. എവിടെ നോക്കിയാലും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍, പല വാഹനങ്ങളും ഒന്നിനുമീതെയായി മറ്റൊന്നായി ആരോ അടുക്കിവെച്ചതു പോലെ. റോഡിലും ബില്‍ഡിംഗുകള്‍ക്കു താഴേയും രൂപം കൊണ്ട വന്‍ഗര്‍ത്തങ്ങള്‍. ഗര്‍ത്തങ്ങള്‍ക്കകത്ത്‌ വീണു കിടക്കുന്ന കാറുകളും പിക്കപ്പ്‌ വാനുകളും. മണ്ണൊലിച്ചുപോയി പില്ലറില്‍ മാത്രം നില്‍ക്കുന്ന ഫ്‌ളാറ്റു സമുച്ചയങ്ങള്‍. കുതിച്ചാര്‍ത്തെത്തിയ മഴവെള്ളം പൊക്കിയെടുത്ത്‌ വീഥിക്കിരുവശത്തും ഉപേക്ഷിച്ച വീട്ടുപകരണങ്ങളും കട്ടിലുകളുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും. പ്രളയജലം തട്ടിപ്പറിച്ച്‌ കാലിയാക്കിയ സ്ഥാപനങ്ങള്‍. കാലിയായ, തകര്‍ന്ന കടക്കുമുമ്പില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ വിഷാദഗ്രസ്‌തരായി കൂനിയിരിക്കുന്ന ഉടമകളും ജീവനക്കാരും. റോഡില്‍ മലിനക്കൂമ്പാരങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍ക്കുമിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന്‌ പരിശോധിക്കുകയാണ്‌ ജെ.സി.ബിയുടെ സഹായത്തോടെ രക്ഷാസൈനികര്‍. അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധം. ചെളി നിറഞ്ഞ്‌ വൃത്തികേടായ ഫ്‌ളാറ്റുകളുടേയും പള്ളികളുടേയും പീടികമുറികളുടേയും അകത്തളങ്ങള്‍. ജിദ്ദ നഗരത്തിലാണ്‌ ഇപ്പോള്‍ ഞങ്ങളെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.
പ്രകൃതിക്ക്‌ നിയതമായ രീതികളും നിയമങ്ങളുമുണ്ട്‌. സ്വാര്‍ഥതക്ക്‌ വേണ്ടി നാമതിനെ വികലമാക്കുമ്പോള്‍ പ്രകൃതി പ്രതികരിക്കും. മരങ്ങളുടേയും കൃഷിയിടങ്ങളുടേയും സ്ഥാനത്ത്‌ കോണ്‍ക്രീറ്റ്‌ കാടുകള്‍ വ്യാപിക്കുമ്പോഴും കുന്നുകളും മലകളും വെട്ടിനിരത്തി സമനിരപ്പാക്കി ടൗണ്‍ഷിപ്പുകള്‍ പണിയുമ്പോഴും നാം നശിപ്പിക്കുന്നത്‌ നമ്മെയാണ്‌. പ്രകൃതിയുടെ സന്തുലിതാവസ്ഥയേയാണ്‌. കഴിഞ്ഞ തലമുറ നമുക്ക്‌ കൈമാറിയ ഭൂമി അടുത്ത തലമുറകള്‍ക്കും അവകാശപ്പെട്ടതാണ്‌. നാമത്‌ വികലമാക്കല്‍ തുടര്‍ന്നാല്‍ ഒരു കൊച്ചു ചാറ്റല്‍മഴയെപ്പോലും അതിജീവിക്കാനാവില്ല മനുഷ്യനിര്‍മിതികള്‍ക്ക്‌.
ഇത്‌ ലോക ജനതക്കാകെയുള്ള പാഠമാണ്‌. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുവാന്‍ പെടാപ്പാട്‌ പെടുമ്പോഴും നമ്മുടെ ചെയ്‌തികളെ നിസ്സാരവല്‍ക്കരിച്ച്‌ അന്യോന്യം പഴിചാരുകയാണ്‌ നമ്മള്‍.
വണ്ടിയില്‍ കയറി തിരിച്ചു വരുമ്പോള്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ നമ്മില്‍ ഉയര്‍ത്തിയ ചോദ്യം അനേകമായിരുന്നു.