പേജുകള്‍‌

2010, മേയ് 30, ഞായറാഴ്‌ച

പുകവലിക്കാരുടെ നഷ്‌ടം

പുകവലിക്കാന്‍ ഒരുപാടു കാരണങ്ങളുണ്ട്‌ പ്രവാസിക്ക്‌. ഒറ്റപ്പെട്ട ജീവിതം തന്നെ മുഖ്യഹേതു. നാട്ടിലെ പ്രശ്‌നങ്ങള്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ അങ്ങനെപോകുന്നു. ഇതൊന്നും ഇല്ലാത്തവനും പുകവലിക്കുന്നില്ലേ. ഉണ്ട്‌, അവനുമുണ്ട്‌ അവന്റേതായ പ്രശ്‌നങ്ങള്‍ എന്നുമാത്രം. സൗദിയിലെ പല റൂമുകളിലുമുണ്ട്‌ സിഗരറ്റിന്റെ രൂക്ഷഗന്ധം. കൂട്ടമായി താമസിക്കുന്നിടങ്ങളില്‍ ചിലരെങ്കിലും കാണും വലിക്കുന്നവര്‍. പലരും റൂമില്‍ പോലും വലിക്കുന്നവര്‍. ചിലരെങ്കിലും ഫ്‌ളാറ്റിന്‌ പുറത്തിറങ്ങി പുക വലിച്ചു കയറ്റുന്നവര്‍. പുകവലിച്ചു കയറ്റുന്നതിനേക്കാള്‍ അപകടമത്രേ പുക ശ്വസിക്കുന്നത്‌. ഇങ്ങനെ പാസീവ്‌ സ്‌മോക്കേഴ്‌സും ഒറിജിനല്‍ സ്‌മോക്കേഴ്‌സും ദുരന്തങ്ങള്‍ പേറുന്നവരായി മാറുന്നു. പുകവലിയുടെ ദോഷഫലങ്ങള്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ ചോദിക്കും ഇതെന്താ മെഡിക്കല്‍ ലേഖനമാണോ എന്ന്‌. അതല്ല കാര്യം.


മറ്റൊരു ചോദ്യവുമുയരും ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍. ഉപദേശിക്കുകയല്ല. വലിക്കാരനായിരുന്ന എനിക്ക്‌ ഒന്നറിയാം. പുകവലിക്കാരില്‍ 90 ശതമാനവും പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്‌. പക്ഷേ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഈയുള്ളവനും അതേ മാനസികാവസ്ഥയായിരുന്നു, രണ്ടര വര്‍ഷം മുമ്പുവരെ.


രണ്ടര വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. എന്റെ സ്‌നേഹിതന്‍ ഷുക്കൂര്‍ സദാ പുകവലിക്കുന്നവനാണ്‌. ചെയിന്‍ സ്‌മോക്കര്‍ എന്നു പറയാം. ഞാനും സ്‌നേഹിതനും ആഴ്‌ചയില്‍ ഒരിക്കലെ കണ്ടുമുട്ടാറുള്ളു. സംസാരിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഷുക്കൂര്‍ വലിച്ചു കയറ്റും അഞ്ചെട്ട്‌ സിഗററ്റ്‌. വലിക്കാര്യത്തില്‍ എനിക്ക്‌ എത്ര ശ്രമിച്ചിട്ടും അവനെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മുന്നോ നാലോ സിഗററ്റ്‌ വലിച്ച്‌ തോല്‍വി സമ്മതിക്കും. അവന്‍ ദിവസവും രണ്ടിലധികം പായ്‌ക്കറ്റ്‌ വലിച്ചു തള്ളും. ഞാന്‍ കണ്ടതില്‍ അവനോട്‌ കിടപിടിക്കാന്‍ പോന്നവര്‍ എന്റെ ഓഫീസിന്റെ തൊട്ടടുത്ത ഞങ്ങളുടെ സഹോദരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കലാകാരനായ ഒരു പാക്കിസ്ഥാനിയും ഞങ്ങളുടെ തന്നെ മൂലസ്ഥാപനത്തില്‍ ചാനല്‍ ടെക്‌നീഷ്യനായ മിസ്‌രിയുമാണെന്നാണ്‌ തോന്നുന്നത്‌.


ഒരിക്കല്‍ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ മടങ്ങി വന്ന്‌ ഷുക്കൂറിനെ കാണാന്‍ ചെന്നു. എന്തൊരത്ഭുതം! അവന്റെ കയ്യില്‍ പുകയുന്ന സിഗരറ്റില്ല. ഞാനൊരു സിഗരറ്റിന്‌ തീ കൊളുത്തി. അവന്‍ കൊളുത്തിയില്ല. പകരം ദയനീയത കലര്‍ന്ന മുഖഭാവത്തോടെ എന്നെ നോക്കി. ഇവനിതെന്തു പറ്റി.


അവന്‍ ഒരു മാസമായത്രേ പുക വലിച്ചിട്ട്‌. ഒരു രാത്രി അവനൊരു നെഞ്ചുവേദന. ആശുപത്രിയില്‍ എത്തിയ അവന്‌ ഇ.സി.ജിയില്‍ ചെറിയ കുഴപ്പം. ഡോക്‌ടര്‍ aspirin, concor 2.5mg ടാബ്‌ലറ്റുകള്‍ നിര്‍ദേശിച്ചു. ശക്തമായ ഒരു മുന്നറിയിപ്പും നല്‍കി. ഇനിയും പുകവലിച്ചാല്‍ ഹൃദയസ്‌തംഭനം ഉണ്ടായേക്കാം. അവന്റെ മുമ്പില്‍ പണയ വീട്ടില്‍ താമസിക്കുന്ന ഭാര്യയുടേയും രണ്ട്‌ പെണ്‍മക്കളുടേയും രൂപം തെളിഞ്ഞു.

ഈ സംഭവം എന്നിലും അലയൊലി സൃഷ്‌ടിച്ചു. പക്ഷേ പുകവലി നിര്‍ത്തലിന്‌ രണ്ടാഴ്‌ചത്തെ പ്രായം. പിന്നെ റമദാനാണ്‌ പുകവലി നിര്‍ത്താന്‍ പറ്റിയ സമയം എന്ന ഉപദേശം പയറ്റിനോക്കിയതും പാളി. അവസാനം പുകവലി വിഷയത്തില്‍ തല്‍ക്കാലം ഞാന്‍ തന്നെ വിജയിച്ചു. 25 മാസം പുകയ്‌ക്കാതെ കടന്നുപോയി. കൂട്ടിക്കിഴിച്ചപ്പോള്‍ കിട്ടിയ ലാഭമോര്‍ത്ത്‌ അന്ധാളിച്ചുപോയി. ലാഭം നോക്കുമ്പോഴാണ്‌ നഷ്‌ടപ്പെട്ടതിന്റെ വ്യാപ്‌തി നാമറിയുക. പുകവലിക്കാതായപ്പോള്‍ ആ കാലയളവിലെ സാമ്പത്തിക ലാഭം -3000 റിയാല്‍ (ഏകദേശം 35000 രൂപ),

തീര്‍ന്നില്ല, ഈ കണക്കൊന്നു പരിശോധിച്ചു നോക്കൂ. വലിച്ചു കളയാതെ വിട്ട സിഗററ്റ്‌ പായ്‌ക്കറ്റിന്റെ എണ്ണം- 750, അതായത്‌ 15000 സിഗററ്റ്‌. ഒരു സിഗററ്റ്‌ 11 മിനിട്ട്‌ ആയുസ്‌ നശിപ്പിക്കുന്നു എന്ന പഠന റിപ്പോര്‍ട്ട്‌ കണക്കിലെടുത്താല്‍ 25 മാസം കൊണ്ട്‌ ലാഭിച്ച ആയുസ്‌ 165000 മിനിറ്റ്‌. (2750 മണിക്കൂര്‍=114.5 ദിവസം). അതായത്‌ ഒരു വര്‍ഷം നാം നശിപ്പിക്കുന്ന നമ്മുടെ ആയുസ്സ്‌ ഏകദേശം 55 ദിവസം. കൊല്ലത്തില്‍ 2 മാസം നാം തന്നത്താന്‍ നശിപ്പിക്കുന്നെന്നര്‍ഥം. അതായത്‌ നമ്മുടെ ആയുസ്സ്‌ 80 എന്ന്‌ കണക്കാക്കുകയാണെങ്കില്‍ 160 മാസം(13 വര്‍ഷം) നാം സ്വയം ഇല്ലാതാക്കുന്നു. തല പെരുക്കുന്നു അല്ലേ, സാരമില്ല. നഷ്‌ടങ്ങള്‍ തിരിച്ചു പിടിക്കാനാവില്ല. അധികരിപ്പിക്കാതെ സൂക്ഷിക്കാമല്ലോ.

1 അഭിപ്രായം:

  1. ..
    ഈ സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും കേട്ടതും കേള്‍ക്കുന്നതുമാണ്. ഇവിടെയും കണ്ടതില്‍ സന്തോഷമുണ്ട്.
    ഇതൊക്കെ വിജ്ഞാനപ്രദമായ കാര്യങ്ങളാണ്, അപ്പൊ ആരും “ഇതെന്താ മെഡിക്കല്‍ ലേഖനമോ?” എന്നൊന്നും ചോദിക്കില്ലാ :)
    ആശംസകളോടെ..


    സഹമുറി(പാര)യന്മാരുടെ വാചകമടിയും പുകവലിയും == ഇവ രണ്ടും സഹിക്കാന്‍ പറ്റുന്നില്ലാ‍ാ‍ാ‍ാ‍ാ‍ാ :(

    ഇതിലൊന്ന് ഒഴിവക്കാന്‍ പറ്റി, പുകവലി, വലിക്കുന്നോരെ പടിയടച്ച് പിണ്ഡം വെച്ചു, ഐ മീന്‍, പുറത്ത് പോയി വലിച്ച് കഴിഞ്ഞ് അകത്ത് കയറിയാ മതീന്ന് സാരം ;)
    ..

    മറുപടിഇല്ലാതാക്കൂ