2010, ഏപ്രിൽ 4, ഞായറാഴ്‌ച
കംപ്യൂട്ടര്‍ അറിയാതെ ഒരു എന്‍ട്രി
പ്രവാസിയെ രണ്ടായി തരം തിരിക്കാമെന്നു തോന്നുന്നു. ഒരു വിഭാഗം ഫാമിലിയെന്നും മറ്റേ വിഭാഗം ബാച്ചിലറെന്നും. ബാച്ചിലറെന്നാല്‍ അവിവാഹിതനെന്നും ബ്രഹ്മചാരിയെന്നുമൊക്കെയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവിടെയുള്ള ബാച്ചിലേഴ്‌സിന് ഭാര്യയുണ്ട്. മക്കളുണ്ട്. പക്ഷേ അവരെല്ലാം നാട്ടിലാണെന്നു മാത്രം. അതുകൊണ്ടിവര്‍ ഇവിടെ ബാച്ചിലര്‍ എന്നറിയപ്പെടുന്നു. ഇവിടെ ഭാര്യയും മക്കളുമുള്ളവരാണ് ഫാമിലി കാറ്റഗറിയില്‍ പെടുന്നവര്‍. ഫാമിലിക്കാര്‍ക്ക് ചിലര്‍ക്കെങ്കിലും ബാച്ചിലേഴ്‌സിനെ പുഛമാണെന്ന് പല ഏകാകികളും വിശ്വസിക്കുന്നു. ഇതവരുടെ തോന്നലാവാം. അല്ലെങ്കില്‍ ചില ഫാമിലിയെങ്കിലും വെച്ചുപുലര്‍ത്തുന്ന മനോഭാവമാകാം. പക്ഷേ ഒന്നുറപ്പാണ്. എവിടെയും മുന്‍ഗണന ലഭിക്കുന്നത് ഫാമിലിക്കു തന്നെ.
ഈയുള്ളവന്‍ വര്‍ഷങ്ങളോളം ഇവിടെ ബാച്ചിലര്‍ കാറ്റഗറിയില്‍ കഴിഞ്ഞു പോരുകയായിരുന്നു. പ്രവാസരോഗങ്ങള്‍ -ഷുഗര്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍ ഇത്യാദിയെന്നു വിവക്ഷ- കൂടുതലും ടെന്‍ഷന്‍ മൂലമാണ് വരുന്നതെന്നും ഒറ്റക്കുള്ള വാസം ടെന്‍ഷന്‍ അധികരിപ്പിക്കുമെന്നുമുള്ള വൈദ്യശിരോമണികളുടെ നിലയ്‌ക്കാത്ത ഉപദേശവും കാലം ശരീരത്തില്‍ കോറിയിട്ടുകൊണ്ടിരിക്കുന്ന ജരാനരകളും മുഖവിലക്കെടുത്താണ് അവസാനം ഫാമിലി കാറ്റഗറിയിലേക്കു മാറാന്‍ നിര്‍ബന്ധിതനായത്.
ഭാര്യയും കൊച്ചു മകളും ജിദ്ദ എയര്‍പോര്‍ട്ടിലിറങ്ങുന്ന ദിവസം സമാഗതമായി. ആദ്യമായി വരുന്നതായതിനാല്‍ നേരത്തെ എയര്‍പോര്‍ട്ടിലെത്തണമെന്നും അവരെത്തിയാല്‍ ജവാസാത്ത് ഉദ്യോഗസ്ഥന്‍ വന്ന് ഇഖാമ വാങ്ങിക്കൊണ്ടുപോകുമെന്നും അവര്‍ വിളിക്കുന്ന സമയത്ത് അവിടെ ഉണ്ടായിരിക്കണമെന്നും മറ്റുമുള്ള അനുഭവസ്ഥരുടെ വിശദീകരണ പ്രകാരം വരുന്നത് എയര്‍ ഇന്ത്യയിലല്ലോ എന്നറിയാമായിരുന്നിട്ടും അര മണിക്കൂര്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി. എയറിന്ത്യക്കറിയില്ലല്ലോ, ഞാന്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്ന കാര്യം. പതിവുമുറ തെറ്റിച്ചില്ലവന്‍. വൈകല്‍ വല്ലാതുണ്ടായില്ല, ഒരു മണിക്കൂര്‍ മാത്രം. അവര്‍ വരുന്നതും ഇഖാമ ആവശ്യപ്പെടുന്നതും കാത്ത് ഞാന്‍ നിന്നു. അപ്പോഴതാ അവര്‍ വരുന്നു. മുന്‍പില്‍ എയര്‍പോര്‍ട്ട് ട്രോളിയുരുട്ടി ഒരു ചെറുപ്പക്കാരന്‍. പിന്നില്‍ ആകാംക്ഷയോടെ ഭാര്യയും മകളും. ചെറുപ്പക്കാരന്‍ നാട്ടുകാരനാണെന്നും കരിപ്പൂര്‍ മുതല്‍ ഇവരെ സഹായിക്കാന്‍ നിയുക്തനായ വ്യക്തിയാണിയാളെന്നും (അങ്ങനെയാണേയ് നാട്ടില്‍നിന്ന് ഇവരെ കയറ്റിവിട്ട ശേഷം ഫോണ്‍ ചെയ്‌ത് അറിയിച്ചത്) ധരിച്ച് സലാം ചൊല്ലി അയാള്‍ക്ക് കൈകൊടുത്തു. ചെറുപ്പക്കാരന്‍ അസ്‌റ റിയാല്‍ എന്നു പറഞ്ഞ് പണത്തിനായി കൈ നീട്ടിയപ്പോഴല്ലേ ഇവന്‍ അവനല്ലെന്നും എയര്‍പോര്‍ട്ടിലെ ട്രോളിബോയ് ആണെന്നും അറിഞ്ഞത്. പത്ത് റിയാല്‍ കൊടുത്ത് അയാളെ ഒഴിവാക്കി ഭാര്യയുടെ കൈയില്‍നിന്നും പാസ്‌പോര്‍ട്ട് വാങ്ങി പരിശോധിച്ചു. പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സീല്‍ അടിച്ചിട്ടുണ്ട്.
എല്ലാം ശുഭപര്യവസായിയായി എന്നു കരുതിയിരിക്കുമ്പോഴാണ് വല്ലാത്തൊരു ഗുലുമാല് വന്നുപെട്ടതറിഞ്ഞത്. ഭാര്യയും മകളും വന്നിറങ്ങിയത് കംപ്യൂട്ടറേമാന്‍ അറിഞ്ഞിട്ടില്ലത്രേ. പിറ്റേന്ന്‌് കമ്പനിയിലെ മുആഖിബ് ഇഖാമക്കു വേണ്ടി പാസ്‌പോര്‍ട്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ജവാസാത്തില്‍ സമര്‍പ്പിച്ചപ്പോഴാണ് ഭാര്യയും മകളും ജിദ്ദയിലെത്താത്ത വിവരമറിയുന്നത്. മുആഖിബ് തിരിച്ചേല്‍പിച്ച പാസ്‌പോര്‍ട്ടുമായി സൃഹൃത്തിനേയും കൂട്ടി നേരെ എയര്‍പോര്‍ട്ടിലെത്തി. അവിടെ ജവാസാത്തിന്റെ കൗണ്ടറില്‍ ചെന്ന് സുഹൃത്ത് കാര്യം പറഞ്ഞപ്പോള്‍ അകത്തേക്കു കടത്തിവിട്ടു. സ്‌നേഹിതനാണ് വിഷയം അവതരിപ്പിച്ചത്. പാസ്‌പോര്‍ട്ട് വാങ്ങിനോക്കിയ ജവാസാത്ത് ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ടില്‍ സീലുണ്ടല്ലോ, പിന്നെയെന്താണ് പ്രശ്‌നം എന്നു ചോദിച്ചപ്പോള്‍ കംപ്യൂട്ടറില്‍ ഫീഡ് ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട് ഇവിടെനിന്നും ശരിയാക്കിവരാന്‍ ജവാസാത്ത് ഓഫീസില്‍നിന്നും പറഞ്ഞെന്നും ഞങ്ങള്‍ മറുപടി പറഞ്ഞു. ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് നോക്കി കംപ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ് ചെയ്‌തു. എന്നിട്ട് എല്ലാം ശരിയാണ്, കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ് പാസ്‌പോര്‍ട്ട് ഞങ്ങള്‍ക്ക് തിരിച്ചുനല്‍കി. ഞാനത് വീണ്ടും മുആഖിബിന് നല്‍കി, പിറ്റെന്നു തന്നെ ഇഖാമയും കിട്ടി. എന്റെ ഒരു സ്‌നേഹിതന്റെ ഫാമിലിക്കും ഇതേ പറ്റു പറ്റിയിരുന്നു. അവര്‍ വിമാനമിറങ്ങിയത് റിയാദിലായിരുന്നുവെന്നു മാത്രം. അദ്ദേഹത്തിനതു ശരിയാക്കാന്‍ റിയാദില്‍ പോകേണ്ടിവന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ