പേജുകള്‍‌

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

അലവിക്കുട്ടി എഴുത്തച്ഛനായ കഥ








എന്റെയൊരു സ്നേഹിതന് അക്കൗണ്ട് ഓപണ് ചെയ്യാനാണ് അദ്ദേഹത്തിന്റെ കൂടെ ബാങ്കിലെത്തിയത്. ടോക്കണ് സിസ്റ്റമൊന്നും അന്നവിടെ കണ്ടില്ല. സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് നേരെ കൗണ്ടറില് ചെന്ന് സ്നേഹിതന് അവന്റെ ഓഫീസില്നിന്ന് നല്കിയ ലെറ്റര് കാണിച്ചു. ബാങ്കുദ്യോഗസ്ഥന് ലെറ്റര് വാങ്ങി പരിശോധിച്ച ശേഷം ഒരു ഫോം തന്നു പൂരിപ്പിച്ചു നല്കാന് പറഞ്ഞതു പ്രകാരം പാസ്പോര്ട്ട്, ഇഖാമ ഫോട്ടോകോപ്പിയും ഓഫീസ് ലെറ്ററും സഹിതം പൂരിപ്പിച്ച ഫോം കൗണ്ടറില് നല്കി. ഫോമില് ഫസ്റ്റ് നെയിം, സെക്കന്റ് നെയിം (ബാപ്പയുടെ പേര്), തേര്ഡ് നെയിം (ബല്യുപ്പയുടെ പേര്), ഫോര്ത്ത് നെയിം (ബല്യുപ്പയുടെ ബാപ്പയുടെ പേര്) എന്നു കാണിച്ചതുകൊണ്ട് (പാസ്പോര്ട്ട് പ്രകാരം തന്നെ പേര് പൂരിപ്പിക്കണമെന്ന് കൗണ്ടറില്നിന്ന് നിര്ദേശമുണ്ടായിരുന്നു) സ്നേഹിതന് ഒന്നാം പേരിന്റെ സ്ഥാനത്ത് എഴുത്തച്ഛന് എന്നും രണ്ടാം കോളത്തില് കണ്ടി എന്നും മൂന്നാം പേര് അലവി, നാലാം പേര് കുട്ടി എന്നും എഴുതി. അങ്ങനെ കുട്ടിയുടെ മകന് അലവിയുടെ പുത്രന് കണ്ടിയായി എന്റെ സ്നേഹിതന് എഴുത്തച്ഛന്റെ അച്ഛന്. അലവിക്കുട്ടിയില്നിന്ന് എഴുത്തച്ഛനിലേക്കുള്ള പേരുമാറ്റം നിമിഷങ്ങള്ക്കുള്ളിലായിരുന്നു. പൂരിപ്പിച്ച ഫോം സ്വീകരിച്ച ഉദ്യോഗസ്ഥന് കോളമെല്ലാം പൂരിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച് അവിടെയിരിക്കൂ, വിളിക്കാമെന്ന് പറഞ്ഞതിന്പടി കസ്റ്റമേഴ്സിനായി ഒരുക്കിയ സോഫയില് ഇരുന്നു. ഞങ്ങള്ക്കരികില് സുമുഖനായ ഒരു ചെറുപ്പക്കാരന് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ പിറുപിറുപ്പ് മലയാളത്തിലായതുകൊണ്ട് അല്പനേരം മുഖത്തേക്കു നോക്കിപ്പോയി. പിറുപിറുപ്പിന് അമര്ഷത്തിന്റെ ചുവയായിരുന്നു. ഞാനയാളുമായി പരിചയപ്പെട്ടു.
നാട്ടിലെവിടെയാ
പൊന്നാനി
പേര്
റസാക്ക്
ഇവിടെ
സിവില് എന്ജിനീയറാണ് പുള്ളി. ജോലി ജിദ്ദയിലെ ഒരു പ്രമുഖ കണ്സ്ട്രക്ഷന് കമ്പനിയില്. ഇപ്പോള് ശുഹൈബയിലുള്ള കമ്പനി സൈറ്റില് ജോലി ചെയ്യുന്നു. നാട്ടില്നിന്നു വന്നിട്ട് അഞ്ചു മാസമേ ആയുള്ളൂ.
ഞാനും എന്റെ സ്നേഹിതനും പേരും നാടും ജോലിയും മറ്റും വിവരിച്ച് വിശാലമായി തന്നെ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അപ്പോഴേക്കും മറ്റൊരു കൗണ്ടറില് എത്തശ്ശന്, എത്തശ്ശന് എന്ന വിളികേട്ട് സ്നേഹിതന് ആ കൗണ്ടറിലേക്കു നീങ്ങി.
ഞാനിവിടെ ഇരിക്കാന് തുടങ്ങിയിട്ട് ഒന്നര മണിക്കൂറോളമായി. പുതിയ അക്കൗണ്ട് തുടങ്ങാനാണ്. ഇതുവരെ വിളിച്ചിട്ടില്ല -ചെറുപ്പക്കാരന് നിരാശയോടെ പറഞ്ഞു.
അതെന്താ, നിങ്ങള് കൗണ്ടറില് അന്വേഷിച്ചു നോക്കിയില്ലേ?
അങ്ങോട്ടു പോയി എന്തെങ്കിലും അന്വേഷിച്ചാല് അവര്ക്ക് ദേഷ്യം വരില്ലേ?
ആരാ ഇതു പറഞ്ഞത്? നിങ്ങള് അന്വേഷിച്ചു നോക്കൂ- എന്റെ വാക്ക് കേട്ട് ചെറുപ്പക്കാരന് കൗണ്ടറില് ചെന്ന് അന്വേഷിച്ചു. റസാക്ക് എന്നൊരു ഫയലില്ല അവിടെ എന്ന മറുപടി കേട്ടപ്പോള് റസാക്ക് പാസ്പോര്ട്ടിലുള്ള മുഴുവന് പേര് പറഞ്ഞു.
മൊല്ലാന്റകത്ത് അബ്ദുല് റസാക്ക്
പിന്നെ കൗണ്ടറിലുള്ള ആള് ഫയല് തെരഞ്ഞെടുത്ത് ദേഷ്യത്തോടെ അറബിയില് എന്തൊെക്കയോ പറഞ്ഞു.
സംഭവിച്ചതിങ്ങനെ:
റസാക്ക് അവര് നിര്ദേശിച്ച പ്രകാരം അപ്ലിക്കേഷന് പൂരിപ്പിച്ച് കൗണ്ടറിലേല്പിച്ചു. കുറച്ചു സമയം കഴിഞ്ഞു മൊല്ലന്ഹത്ത്, മൊല്ലന്ഹത്ത് എന്ന് ഒരുപാടു പ്രാവശ്യം കൗണ്ടറില്നിന്നു വിളിച്ചത്രേ. ഏതോ അറബിയുടെ പേരാണ് ഇവര് വിളിക്കുന്നതെന്നു കരുതി, അത് തന്നെയാണെന്നു തിരിച്ചറിയാതെ റസാക്ക് അവിടെ ഇരിപ്പു തുടര്ന്നു. അങ്ങനെ ആളെ കാണാതെയാണ് ഫയല് അവര് സൈഡിലേക്ക് മാറ്റിവെച്ചതും റസാക്കിന് അവിടെ ഇരിപ്പു തുടരേണ്ടിവന്നതും. തന്റെ ആദ്യനാമം മൊല്ലാന്റകത്ത് ആയതും അത് അറബി ഉച്ചാരണത്തിലേക്കു വന്നപ്പോള് മൊല്ലന്ഹത്തായി മാറിയതും റസാക്ക് ഓര്ത്തില്ല. ഏതായാലും അക്കൗണ്ട് ഓപണ് ചെയ്ത് സന്തോഷത്തോടെയാണ് റസാക്ക് ബാങ്ക് വിട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ