പേജുകള്‍‌

2010, ഏപ്രിൽ 14, ബുധനാഴ്‌ച

പേരിന്‌ ബംഗാളിത്തം!

നാട്ടില്‍ പാസ്‌പോര്‍ട്ടെടുത്തപ്പോള്‍ വീട്ടുപേര്‌ പേരിനു മുമ്പില്‍ തന്നെ മാന്യമായി സ്ഥാനം പിടിച്ചു. പക്ഷേ അത്‌ വല്ലാത്തൊരു പൊല്ലാപ്പാവുമെന്ന്‌ ചിലരെങ്കിലും മനസ്സിലാക്കുന്നത്‌ ഇവിടെ കാലുകുത്തുമ്പോഴല്ലേ. അതും വീട്ടുപേര്‌ വല്ലാത്തൊരു പരുവത്തിലുള്ളതാണെങ്കിലോ? ഇവിടെയെത്തിയാല്‍ വീട്ടുപേര്‌ നിങ്ങളുടെ സ്വന്തം പേരായി മാറിയേക്കാം. പോഴന്റവിടെ സുലൈമാന്‍ സൗദിയിലെത്തിയാല്‍ പേര്‌ പോഴനും ബാപ്പയുടെ പേര്‌ `അവിടെ'യും വല്ല്യുപ്പയുടെ പേര്‌ സുലൈമാനും ആയി മാറുന്നത്‌ സ്വാഭാവികം. ഏതായാലും പോഴന്‍ എന്ന വാക്ക്‌ മറ്റു ഭാഷക്കാര്‍ക്ക്‌ അറിയാത്തതുകൊണ്ട്‌ വലിയ പ്രശ്‌നമുണ്ടാക്കില്ലെന്ന്‌ ആശ്വസിക്കാം. എന്നാല്‍ വീട്ടുപേര്‌ എല്ലാ ഭാഷക്കാര്‍ക്കും അറിയാവുന്ന ഒരു വാക്കാണെങ്കിലോ? ഉദാഹരണത്തിന്‌ ഏതെങ്കിലും രാജ്യത്തിന്റെയോ വാഹനത്തിന്റെയോ മറ്റോ പേര്‌... നിങ്ങള്‍ വലഞ്ഞതു തന്നെ.


എനിക്കു പറ്റിയതതാണ്‌. എന്റെ വീട്ടുപേര്‌ ഒരു രാജ്യത്തിന്റെ പേരിനോട്‌ സാമ്യം. അതുകൊണ്ട്‌ തന്നെ എല്ലാവരുടേയും ധാരണ ഞാന്‍ ആ രാജ്യവാസിയെന്നാണ്‌. സൗദിയില്‍ ഞാനാദ്യം വന്നിറങ്ങിയപ്പോള്‍ കമ്പനി വണ്ടിയില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി കുറച്ചു ദിവസം അന്തിയുറക്കിയതും തീറ്റിച്ചതും കമ്പനിക്കടുത്തുള്ള ഒരു വലിയ ഹോട്ടലില്‍. ഹോട്ടലില്‍ എത്തിയയുടനെ കൗണ്ടറിലുള്ള കറുത്ത ആജാനുബാഹു എന്റെ പാസ്‌പോര്‍ട്ട്‌ വാങ്ങി. എന്റെ പേര്‌ എഴുതിത്തുടങ്ങിയ അയാള്‍ എന്റെ മുഖത്തേക്കും പാസ്‌പോര്‍ട്ടിന്റെ പുറം ചട്ടയിലേക്കും മാറിമാറി നോക്കി. അവസാനം സംശയ നിവാരണത്തിനായി എന്നോട്‌ മുറിയന്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യം- നിങ്ങള്‍ ബംഗാളിയോ ഇന്ത്യക്കാരനോ. ആഫ്രിക്കക്കാരന്റെ വിഡ്‌ഢ്യന്‍ ചോദ്യം കേട്ട്‌ ഞാനാദ്യമൊന്നമ്പരന്നു. പിന്നെയല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട്‌ എന്റെ ഓഫീസിലെ ഒരാള്‍ തന്നെ എന്നോട്‌ ചോദിക്കുകയുണ്ടായി, ബംഗാളിക്കെങ്ങനെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കിട്ടിയെന്ന്‌. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും പോളിക്ലിനിക്കിലേയും മറ്റും പക്കാ മലയാളികള്‍ പോലും എന്നോട്‌ ഉര്‍ദുവോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാറുള്ളു. കഴിഞ്ഞ ദിവസം ഷറഫിയയിലെ ഒരു മലയാളി പോളിക്ലിനിക്കില്‍ പരിശോധന കഴിഞ്ഞ്‌ അവിടത്തെ ഫാര്‍മസിയില്‍നിന്നും മരുന്നു വാങ്ങിക്കുമ്പോള്‍ മലയാളിയായ ഫാര്‍മസിസ്റ്റ്‌ ഹിന്ദിയില്‍ എന്നോട്‌ കഴിക്കേണ്ട രീതി വിവരിച്ചു തന്നു. വിവരണ ശേഷം ഞാന്‍ എന്നോടൊപ്പമുണ്ടായിരുന്ന സ്‌നേഹിതനോട്‌ കണ്ടോ ആരും എന്നോട്‌ മലയാളത്തില്‍ സംസാരിക്കില്ല എന്നു പറഞ്ഞു. ഇതുകേട്ട ഫാര്‍മസിസ്റ്റ്‌ ചെറുതായി ചമ്മി എന്നോട്‌ പറഞ്ഞു. ഞാന്‍ പേരു കണ്ടപ്പോള്‍ ബംഗാളിയാണെന്ന്‌ കരുതി. സംശയം തീര്‍ക്കാന്‍ നിങ്ങളുടെ മുഖത്തേക്ക്‌ നോക്കി. അപ്പോള്‍ നിങ്ങള്‍ക്കൊരു ബംഗാളി ലുക്കാണ്‌ കണ്ടത്‌. അതാ ഇങ്ങനെ... അപ്പോള്‍ ശരിക്കും ചമ്മിയത്‌ ഞാനായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ