പേജുകള്‍‌

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അമ്മദാണ്‌ താരം


അഞ്ചും ആറും ബാച്ചിലേഴ്‌സ്‌ കൂട്ടമായി താമസിക്കുന്ന റൂമുകളില്‍പോലും രാത്രിയിലും പട്ടാപ്പകലും പിടിച്ചു പറിക്കാര്‍ കയറി കത്തികാണിച്ച്‌ കൂളായി സമ്പാദ്യമെല്ലാം കവര്‍ന്നെടുത്തു കളയുന്ന വാര്‍ത്ത പത്രങ്ങളില്‍ ദിവസവും നാം വായിക്കുന്നു. തസ്‌കരരുടെ ആകാരം കാണുമ്പോള്‍ തന്നെ നമ്മുടെ മുട്ടുകാല്‍ കൂട്ടിയിടിച്ചുതുടങ്ങും. ജീവന്‍ തിരിച്ചുകിട്ടിയാല്‍ മതി എന്ന ചിന്തയാല്‍ അവര്‍ ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ സമ്പാദ്യമെല്ലാം പെറുക്കി അവരുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നു. സംഭവം പോലീസില്‍ പരാതിപ്പെടാതെയും പറ്റുമെങ്കില്‍ വാര്‍ത്തയാക്കാതെയും മറച്ചുപിടിക്കും. എന്തുകൊണ്ട്‌ ചെറുത്തില്ല എന്ന ചോദ്യത്തിനും നമുക്കുത്തരമുണ്ട്‌. എന്തെങ്കിലും പറ്റിയിട്ട്‌ ഇവിടെ മരുഭൂമിയില്‍ ആരുണ്ട്‌ നോക്കാന്‍, ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ അതുതന്നെ ഭാഗ്യമാണ്‌.

അപ്പോള്‍ പോലീസില്‍ കംപ്ലയിന്റ്‌ ചെയ്യാത്തതോ.

ഓ... പോയതുപോയി. ഇനി അതിന്റെ പിന്നാലെ കെട്ടിത്തിരിയാനൊക്കെ എവിടെയാ സമയം.

ഈ നിലപാട്‌ നമ്മുടെ പക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ ശരിയായിരിക്കാം. പക്ഷെ ഇത്‌ കള്ളന്മാര്‍ക്ക്‌ പ്രചോദനമാവുകയും കളവും പിടിച്ചുപറിയും വര്‍ധിക്കാനും കാരണമാവില്ലേ?

നമ്മുടെ അമ്മദിന്റെ കാര്യം ഇതില്‍നിന്നു വ്യത്യസ്‌തമാണ്‌.

അമ്മദ്‌ നാട്ടുകാര്‍ക്കെല്ലാം സുപരിചിതന്‍. ദേഷ്യം ഇമ്മിണി കൂടുതലെങ്കിലും പരോപകാരി. അമ്മദിനെക്കുറിച്ച്‌ പറയുമ്പോള്‍ നാട്ടുകാര്‍ മുന്‍തൂക്കം നല്‍കുന്നത്‌ അമ്മദ്‌ കള്ളനെ പിടിച്ച കഥക്ക്‌ തന്നെ. അതൊരു സാധാരണ കള്ളനായിരുന്നോ. അല്ലേ അല്ല, അസീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നരക്കള്ളന്‍.

ബാബ്‌ മക്കയിലെ ഇടുങ്ങിയ ഗലികളില്‍ നിരന്നുനില്‍ക്കുന്ന പഴകിയതും വൃത്തികുറഞ്ഞതുമായ ഫ്‌ളാറ്റുകള്‍. വീതി കുറഞ്ഞ റോഡുകളില്‍ പരന്നൊഴുകുന്ന ഗട്ടര്‍ വെള്ളം. ദുര്‍ഗന്ധം വമിക്കുന്ന വെള്ളം താണ്ടിവേണം ഇവിടുത്തെ പല ഫ്‌ളാറ്റുകളിലും എത്തിപ്പെടാന്‍. എന്നാലോ, എന്തു ബുദ്ധിമുട്ടുണ്ടായാലും ഇവിടുത്തെ താമസക്കാര്‍ സഹിക്കും. അവരിവിടെനിന്ന്‌ മാറിത്താമസിക്കാന്‍ തയാറുമില്ല. അതിന്റെ രഹസ്യമെന്തെന്ന്‌ പലപ്പോഴും അന്വേഷിച്ചിട്ടുണ്ടെങ്കിലും ആരില്‍നിന്നും തൃപ്‌തികരമായ ഉത്തരം ലഭിച്ചിട്ടില്ല. അങ്ങനെയുള്ള ഗലികളിലൊന്നിലെ ഒരു ഫ്‌ളാറ്റിലാണ്‌ നമ്മുടെ അമ്മദ്‌ താമസിക്കുന്നത്‌, ബാച്ചിലറായി. ഒപ്പം മറ്റൊരു നാട്ടുകാരന്‍ മാത്രമേ ഉള്ളൂ. സാമാന്യം ഭേദപ്പെട്ട ജോലിയാണ്‌ അമ്മദിന്‌. രാവിലെ ജോലിക്കുപോയാല്‍ തിരിച്ചു വരവ്‌ വൈകിട്ട്‌ അഞ്ചിന്‌. അതും കഴിഞ്ഞ്‌ കുറേസമയം കഴിഞ്ഞാവും സഹമുറിയന്റെ ജോലി കഴിഞ്ഞുള്ള തിരിച്ചുവരവ്‌. അമ്മദിന്റെ പ്രധാന ഹോബി പാചകമാണ്‌. നളപരമ്പരയില്‍പെട്ട സാമാന്യം നല്ലൊരു പാചക വിദഗ്‌ധന്‍. അതുകൊണ്ടുതന്നെ ഡ്യൂട്ടി കഴിഞ്ഞെത്തിയാല്‍ അമ്മദ്‌ കൈയില്‍ സദാ എരിഞ്ഞൊടുങ്ങുന്ന സിഗരറ്റിന്റെ അകമ്പടിയോടെ പാചകത്തില്‍ മുഴുകും. പലപ്പോഴും രാത്രി ഭക്ഷണത്തിന്‌ നാട്ടുകാരായ ഏതെങ്കിലും സുഹൃത്തുക്കളും കാണും. അതൊക്കെ അമ്മദിന്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. അങ്ങനെ ജീവിതം നീങ്ങവേ ഒരു തിങ്കളാഴ്‌ച അമ്മദ്‌ കുറച്ചു നേരത്തെ ജോലി കഴിഞ്ഞ്‌ ഫ്‌ളാറ്റിലെത്തിയപ്പോള്‍ റൂമിന്റെ വാതില്‍ തുറന്നു കിടക്കുന്നതാണ്‌ കണ്ടത്‌. അമ്മദ്‌ ശബ്‌ദമുണ്ടാക്കാതെ റൂമിലേക്ക്‌ കയറിനോക്കി. തന്റെ അലമാറ തുറന്നു എന്തൊക്കെയോ പരതുകയാണ്‌ അരോഗദൃഢഗാത്രനായ ഒരു കറുപ്പന്‍. അമ്മദ്‌ മറ്റൊന്നും ആലോചിച്ചില്ല. ചാടിവീണു കള്ളന്റെ മേല്‍. കള്ളന്‍ പ്‌ധീം. പെട്ടെന്നുള്ള ആക്രമണത്തില്‍ കള്ളന്‍ പരിഭ്രമിച്ചു പോയി. പിന്നെ കള്ളനുമായി കെട്ടിമറിച്ചല്‍. കള്ളന്റെ എഴുന്നേല്‍ക്കാനും രക്ഷപ്പെടുവാനുമുള്ള എല്ലാശ്രമവും അമ്മദിന്റെ കെട്ടിവരിച്ചിലിനുമുമ്പില്‍ പാളി. ശബ്‌ദകോലാഹലം കേട്ട്‌ അടുത്ത ഫ്‌ളാറ്റുകാര്‍ എത്തി. എല്ലാവരും കൂടി കള്ളനെ പിടിച്ചു കെട്ടിയിട്ടു. അവരിലാരോ പോലീസിനു ഫോണ്‍ ചെയ്‌തതുകൊണ്ട്‌ അല്‍പസമയത്തിനകം പോലീസെത്തി കള്ളനെ കൊണ്ടുപോകുകയും ചെയ്‌തു. പോലീസ്‌ അമ്മദിനെ അഭിനന്ദിച്ചു. അവര്‍ക്ക്‌ കിട്ടിയത്‌ അവര്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയെയായിരുന്നു. അതോടെ അമ്മദ്‌ ഹീറോയായി.

ഒരുപാടു നാളുകള്‍ക്കുശേഷം അമ്മദിനെ കണ്ടപ്പോള്‍ ഈ സംഭവത്തെക്കുറിച്ചായിരുന്നു ഞാനന്വേഷിച്ചത്‌.

ഓ, അതെന്തു പറയാനാ. എന്തോ ഒരു ധൈര്യത്തിന്‌ ഞാന്‍ ചാടിപ്പിടിച്ചു എന്നതു നേരാ. പിന്നെയല്ലേ അക്കിടി ബോധ്യമായത്‌. പിടിവിട്ടാല്‍ അവനെന്തെങ്കിലും ചെയ്യും എന്നതുറപ്പാ. പിന്നെ രണ്ടും കല്‌പിച്ച്‌ മുറുക്കിപ്പിടിച്ചു. ആള്‍ക്കാര്‍ വന്ന്‌ അവനെ പിടിച്ചപ്പോഴാ ശ്വാസം നേരെ വീണത്‌. നായര്‌ പിടിച്ച പുലിവാല്‌ന്ന്‌ കേട്ടിട്ടില്ലേ. അതുപോലുള്ള അവസ്ഥയായിരുന്നു കള്ളനെപ്പിടിച്ച എനിക്ക്‌.

1 അഭിപ്രായം:

  1. അന്‍വര്‍കാക്ക പറഞ്ഞത് നേരാ... കള്ളനെ കണ്ടാല്‍ ജീവന്‍ പോകേണ്ട എന്ന് വിചാരിച്ച് എല്ലാവരും അവരുടെ ജീവിതകാലത്തെ മുഴുവന്‍ സ്വത്തും കൊടുക്കും... അതെ, ഇത് കള്ളന്മാര്‍ക്ക് ഒരു പ്രചോദനം തന്നെയായിരിക്കും . പത്രങ്ങളില്‍ ദിവസവും 'മാല മോഷ്ടിക്കാന്‍ കള്ളന്‍ വീട്ടമ്മയുടെ കഴുത്ത് അറുത്തു' എന്നോ അല്ലെങ്കില്‍ അതിനോട് സാമ്യമുള്ള എന്തെങ്കിലും വാര്‍ത്തകളായിരിക്കും . എന്തിനേറെ പറയുന്നു, ഇതൊക്കെ എഴുതിയ ഈ ഞാന്‍ വരെ 'ഹീറോ അമ്മദിന്റെ' കഥ വായിക്കുന്നതിനു മുമ്പ് വരെ [ഞാന്‍ ഇത് പത്രത്തില്‍ വായിച്ചിരുന്നു] കള്ളനെ കുറച്ചൊക്കെ പേടിയുള്ള കൂട്ടത്തിലായിരുന്നു... ഇപ്പോള്‍ എന്‍റെ മനസ്സ് എന്നോട് മന്ത്രിക്കുന്നു :"എന്തിനാ വെറുതെ കള്ളനെ പേടിക്കുന്നത് ? മനുഷ്യരായാല്‍ അമ്മദ് ഇക്കയെ കണ്ടുപടിക്കണം ." ആദ്യമൊക്കെ നമ്മുടെ നാടിനെ വിശേഷിപ്പിക്കല്‍ 'ദൈവത്തിന്റെ സ്വന്തം നാട്' എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരു ചെറിയ..., ക്ഷമിക്കണം, ഒരു വലിയ തിരുത്തല്‍ വരുതാനുണ്ട്, 'അഴിമതിയുടെയും കള്ളുകുടിയന്മാരുടെയും കള്ളന്മാരുടെയും സ്വന്തം നാട്'.... നമുക്ക് പ്രത്യാശിക്കാം, എന്നെങ്കിലും നമ്മുടെ നാട് നന്നാവുമെന്ന്....

    മറുപടിഇല്ലാതാക്കൂ