പേജുകള്‍‌

2010, ഏപ്രിൽ 14, ബുധനാഴ്‌ച

ഡ്രൈവറുടെ ബാപ്പ

നാട്ടില്‍നിന്നു വരുന്ന റൂംമേറ്റ്‌ അബ്‌ദുവിനെ കൂട്ടാനാണ്‌ അസ്സുവും മൊയ്‌തീനും ഒപ്പം ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്‌ പോയത്‌. മൊയ്‌തീന്റേതാണ്‌ കാര്‍. മൊയ്‌തീനൊരു വിളിപ്പേരുണ്ട്‌, ബാവ. മൊയ്‌തീന്‍ നന്നായി അറബി സംസാരിക്കുമെങ്കിലും അസ്സു തട്ടിമുട്ടിക്കും. എന്റെ കഥ പിന്നെ പറയേണ്ടല്ലോ. താമസിച്ചൂ മാത്രം ലാന്റ്‌ ചെയ്‌ത പരിചയവും ട്രിപ്പ്‌ കട്ട്‌ ചെയ്‌ത്‌ ശീലവുമുള്ള നമ്മുടെ നാടിന്റെ അഭിമാനമായ (ശാപമായ എന്നത്‌ ശത്രുഭാഷയാണ്‌. അങ്ങനെ പറയുന്നത്‌ രാജ്യദ്രോഹവും) `മഹാരാജ' നിലാണ്‌ അബ്‌ദുവിന്റെ എഴുന്നള്ളിപ്പ്‌. ഒമ്പതേ അഞ്ചിന്‌ നിലം തൊടേണ്ട നമ്മുടെ അഭിമാനം നിലംതൊടുമ്പോള്‍ സമയം അര്‍ധരാത്രി രണ്ടര മണി. എയര്‍പോര്‍ട്ടിലെ ചട്ടവട്ടങ്ങള്‍ കഴിഞ്ഞ്‌ അബ്‌ദു പുറത്തെത്തിയപ്പോള്‍ മണി മൂന്നര. അബ്‌ദുവിനേയും കൂട്ടി ഞങ്ങള്‍ കാറില്‍ കയറി പുറത്തേക്ക്‌ നീങ്ങി. ടോള്‍ ബൂത്തില്‍ പൈസയും അടച്ച്‌ അബ്‌ദുവിന്റെ നാട്ടുബഡായിയും കേട്ട്‌ മൊയ്‌തീന്‍ വണ്ടിയോടിക്കവേ പെട്ടെന്ന്‌ പോലീസുകാരന്‍ വണ്ടിക്ക്‌ കൈകാണിച്ചു. മൊയ്‌തീനോട്‌ ഇഖാമയും ലൈസന്‍സും മറ്റും വാങ്ങി പരിശോധിച്ച ശേഷം പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ മിണ്ടരുത്‌ എന്ന്‌ ആംഗ്യം കാണിച്ചുകൊണ്ട്‌ അസ്സുവിനെ പുറത്തേക്ക്‌ വിളിച്ചു.


പോലീസുകാരന്‍ മൊയ്‌തീനെ ചൂണ്ടി അസ്സുവിനോട്‌ ചോദിച്ചു- യേശ്‌ ഇസ്‌മ്‌ ഹൊവ?


അസ്സു മൊഴിഞ്ഞു- ബാവ


ബാവ


യേസ്‌ ഇഷ്‌മ്‌, യേഷ്‌?


അസ്സു വീണ്ടും - ഐവ ബാവ


പോലീസുകാരന്റെ മുഖത്ത്‌ ദേഷ്യം തിരയടിച്ചു.


യേഷ്‌ കലാം ഇന്‍താ. ആദാ ബാവ ഇന്‍താ. ആദാ അന്‍ത അബൂയ- അസ്സനോളം പ്രായമില്ലാത്ത മൊയ്‌തീനെങ്ങനെ അസ്സന്റെ ബാപ്പയാകും എന്ന ചിന്താക്കുഴപ്പത്തിലാണ്‌ പോലീസ്‌.


പോലീസുകാരന്‍ പിന്നേയും പിന്നേയും ചോദിച്ചു- ഇസ്‌മ്‌, ഇസ്‌മ?്‌


അസ്സു നിസ്സഹായനായി പിന്നെയും മൊഴിഞ്ഞു- ബാവ


സഹികെട്ട പോലീസുകാരന്‍ പിന്നെ വിളിച്ചത്‌ അബ്‌ദുവിനെയാണ്‌. അബ്‌ദുവിന്‌ നന്നായി അറബി സംസാരിക്കാനറിയാം.


പിന്നെ അബ്‌ദുവിനോടായി ചോദ്യം. അബ്‌ദു മൊയ്‌തീന്റേയും അസ്സുവിന്റേയും എന്നെ ചൂണ്ടി എന്റേയും പേരുകള്‍ മണി മണി പോലെ പറഞ്ഞു. അപ്പോള്‍ പോലീസുകാരന്‌ സംശയം. ഇവനെന്താ ഡ്രൈവര്‍ ബാപ്പയാണെന്ന്‌ പറഞ്ഞത്‌.


ബാവ എന്നത്‌ ബാപ്പയെന്ന അര്‍ഥത്തിലല്ലെന്നും അത്‌ മൊയ്‌തീന്റെ വിളിപ്പേരാണെന്നും അസ്സുവിന്‌ മൊയ്‌തീന്റെ ശരിയായ പേര്‍ അറിയാത്തതാണ്‌ കുഴപ്പത്തിനു കാരണമെന്നും പോലീസുകാരനെ പറഞ്ഞ്‌ ബോധ്യപ്പെടുത്താന്‍ അബ്‌ദു കുറെ കഷ്‌ടപ്പെട്ടു. ഏതായാലും പോലീസുകാരന്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. എയര്‍പോര്‍ട്ടില്‍ ഓട്ടത്തിനു വരുന്ന കള്ള ടാക്‌സികളെ പിടിക്കാനാണ്‌ പോലീസ്‌ ചെക്ക്‌ ചെയ്യുന്നത്‌ എന്ന്‌ പിന്നീടാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. വിളിപ്പേര്‌ വിളിച്ചു വിളിച്ച്‌ സ്വന്തം പേര്‍ മറ്റുള്ളവര്‍ അറിയാതെ വരുന്നതിന്റെ ഒരു വിനയേ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ