പേജുകള്‍‌

2010, ഏപ്രിൽ 18, ഞായറാഴ്‌ച

കാറിനുള്ളിലെ തീ




വ്യത്യസ്‌ത രാജ്യക്കാരെ കാണാന്‍ ലോകത്താകമാനം ചുറ്റിത്തിരിയേണ്ടതില്ല. പകരം ജിദ്ദ സന്ദര്‍ശിച്ചാല്‍ മാത്രം മതി. ഇത്രയധികം രാജ്യക്കാരെ തീറ്റിപ്പോറ്റുന്ന നഗരം ലോകത്ത്‌ മറ്റൊരിടത്തും നമുക്ക്‌ കാണാനാവില്ല. വ്യത്യസ്‌ത ഭാഷക്കാര്‍, വേഷക്കാര്‍. വൈവിധ്യമാര്‍ന്ന ജീവിത രീതി, ആഹാരങ്ങള്‍... ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും വരുന്ന കറുത്ത വര്‍ഗക്കാര്‍ മുതല്‍ യൂറോപ്യന്‍ മേഖലയിലുള്ള വെളുത്തവന്‍ വരെ. താരതമ്യേന ഉയരം കുറഞ്ഞ ഇന്തോനേഷ്യക്കാര്‍ മുതല്‍ ഉയരം കൂടിയ പഠാന്‍കാര്‍ വരെ. സാധാരണ കൂലിവേലക്കാര്‍ മുതല്‍ ഹൈടെക്‌ എന്‍ജിനീയര്‍മാര്‍ വരെ. വ്യത്യസ്‌ത മേഖലയില്‍ ജോലിയെടുത്തു ജീവിക്കുന്നവരെ ദര്‍ശിക്കാനാവും ഈ മഹാനഗരത്തില്‍. ബഹുഭൂരിഭാഗവും മാന്യമായി തൊഴിലെടുത്ത്‌ ജീവിക്കുന്നവരാണെങ്കിലും എവിടെയും കാണാറുള്ള കുറച്ച്‌ പുഴുക്കുത്തുകള്‍ ഇവിടേയുമുണ്ട്‌. നീതിനിര്‍വഹണത്തിനും ജനസുരക്ഷക്കും സദാ ജാഗരൂകരായി നിലകൊള്ളുന്ന കര്‍മനിരതരായ പോലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഇവിടേയും അരങ്ങേറുന്നു വൈവിധ്യമാര്‍ന്ന തട്ടിപ്പുകള്‍. തട്ടിപ്പിന്‌ വേഷ-ഭാഷാ-രാജ്യ വ്യത്യാസങ്ങളില്ല. വാഹനം തടഞ്ഞു നിര്‍ത്തിയും നമ്മുടെ വാഹനത്തിന്‌ ചെറുതായി അവരുടെ വാഹനം തട്ടിച്ച്‌ അത്‌ നോക്കാന്‍ പുറത്തിറങ്ങിയാല്‍ കത്തി കാണിച്ചും കയ്യിലുള്ളതെല്ലാം തട്ടിപ്പറിക്കുന്ന രീതി ഇവയില്‍ ചിലതു മാത്രം. അതുകൊണ്ടു തന്നെ പൂര്‍ണ മനസ്സോടെ പരസഹായം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാലും അത്‌ തട്ടിപ്പാണെന്നു കരുതി ഒഴിഞ്ഞുമാറിപ്പോവുന്നത്‌ സ്വാഭാവികം മാത്രം. മിസ്‌രി യുവാവിന്റെ നല്ല മനസ്സ്‌ ഞങ്ങള്‍ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാനാവാതെ പോയതും അതുകൊണ്ടുതന്നെ.


അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. ഞാനും സ്‌നേഹിതനും വീട്ടാവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങാന്‍ ഫൈസലിയയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയി വരികയായിരുന്നു. സമയം രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞിട്ടുണ്ട്‌. പിറ്റേന്ന്‌ ജിദ്ദയിലെ സ്‌കൂളുകളില്‍ പരീക്ഷ തുടങ്ങുന്നതിനാലാവണം റോഡില്‍ വാഹനങ്ങളുടെ അതിപ്രസരമില്ല. സ്‌നേഹിതന്‍ പാണ്ടക്ക്‌ മുമ്പിലുള്ള സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്ക്‌ പിന്നില്‍ കുതിച്ചുവന്ന ഒരു കാര്‍ ഡ്രൈവര്‍ ഞങ്ങളെ നോക്കി എന്തോ ആംഗ്യം കാണിക്കുന്നതാണ്‌ കണ്ടത്‌. പച്ച സിഗ്നല്‍ കത്തിയതിനാല്‍ സ്‌നേഹിതന്‍ വണ്ടി മുന്നോട്ടെടുത്തു. അയാള്‍ ഹോണടിച്ചും സിഗ്നല്‍ ലൈറ്റിട്ടും സമാന്തരമായി എത്തി ഞങ്ങളെ നോക്കി വണ്ടിനിര്‍ത്താന്‍ വീണ്ടും വീണ്ടും ആംഗ്യം കാണിക്കുകയാണ്‌. പലവിധത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും കേട്ടിട്ടുള്ള ഞങ്ങള്‍ എന്തോ തരികിടക്കുള്ള കോപ്പുകൂട്ടലാണ്‌ അതെന്ന്‌ കരുതി അയാളെ അവഗണിച്ച്‌ വണ്ടിയുടെ വേഗം കൂട്ടി. അയാള്‍ ഞങ്ങളെ വിടാതെ പിന്തുടരുക തന്നെയാണ്‌. എന്‍-2 മാളിനു മുമ്പില്‍വെച്ച്‌ അയാളുടെ കാര്‍ ഞങ്ങള്‍ക്കു മുമ്പില്‍ ക്രോസ്‌ ചെയ്‌ത്‌ നിര്‍ത്തി ഞങ്ങള്‍ക്കരികിലേക്ക്‌ ഓടിവന്നു. വണ്ടിയുടെ ഡിക്കിയില്‍ ഒരു സിഗററ്റ്‌ കുറ്റി വീണിട്ടുണ്ടെന്നും വേഗം നീക്കം ചെയ്‌തില്ലെങ്കില്‍ തീപ്പിടിക്കുമെന്നും പറഞ്ഞു. സ്‌നേഹിതന്‍ ഡിക്കി തുറന്നുനോക്കിയപ്പോള്‍ അയാള്‍ പറഞ്ഞത്‌ ശരിയായിരുന്നു. ഡിക്കിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിഗററ്റു കുറ്റി. ഡിക്കിയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക്‌ പായയും പുകഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളത്‌ കെടുത്തി ദൂരെയെറിഞ്ഞു. മിസ്‌രി യുവാവിന്റെ നല്ല മനസ്സിന്‌ ഞങ്ങള്‍ നന്ദി പറഞ്ഞു. മറ്റൊരു വണ്ടിയില്‍നിന്നും ഡ്രൈവര്‍ പുകച്ച്‌ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റ്‌ കാറിന്റെ ഡിക്കിക്ക്‌ മുകളില്‍ വീണ്‌ വിടവിലൂടെ ഡിക്കിക്കകത്തേക്ക്‌ പതിക്കുകയായിരുന്നു. തിരിച്ച്‌ വണ്ടിയില്‍ കയറി വീട്ടിലേക്കു വരുമ്പോള്‍ ആ നല്ല മനുഷ്യന്റെ സഹായമില്ലായിരുന്നെങ്കില്‍ സംഭവിക്കാമായിരുന്ന ദുരന്തമോര്‍ത്ത്‌ ഞങ്ങള്‍ നടുങ്ങുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ