പേജുകള്‍‌

2010, മാർച്ച് 30, ചൊവ്വാഴ്ച

മക്കയിലേക്കുള്ള പാത


ഹജ്‌ മാസം അടുക്കുന്നതോടെ സൗദി അറേബ്യന്‍ ഭരണകൂടം അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്‌ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരിക്കും. ഒരു ഹാജിക്കും കഷ്‌ടനഷ്‌ടങ്ങളില്ലാതെ സൗകര്യപ്രഥമായ ഹജ്‌ പൂര്‍ത്തിയാക്കാന്‍ എല്ലാ സംവിധാനങ്ങളുമൊരുക്കുന്നു അവര്‍. തസ്‌രീഹ്‌ ഉള്ളവരെ ഹജിനു പോകാവൂ എന്നും അംഗീകൃത മുതവ്വിഫ്‌ സ്ഥാപനം മുഖേന നിയമവിധേയമായി മാത്രമേ ഹജിന്‌ പുറപ്പെടാവൂ എന്നും ആഭ്യന്തര ഹാജിമാരോട്‌ പത്രപരസ്യം വഴിയും മറ്റും അവര്‍ ഉണര്‍ത്തുന്നു. എന്നാല്‍ അടുത്തുവരുന്ന ഹജിന്‌ എല്ലാവരേയും ക്ഷണിക്കാനുള്ള പരസ്യ നിര്‍മാണത്തിലായിരിക്കും ചില മലയാളി സംഘടനകള്‍. അതിനവര്‍ക്ക്‌ ചില മതസംഘടനയുടെ പിന്‍ബലമുണ്ടെന്നും അവരവകാശപ്പെടുന്നു. പത്രപരസ്യ ഘോഷയാത്ര കണ്ട്‌ ഹജ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കെണിയില്‍ വീഴുകയായി. കുറഞ്ഞ ചെലവില്‍ ഹജ്‌ അതാണവരുടെ മുദ്രാവാക്യം. ജിദ്ദയില്‍നിന്നും മക്കത്തേക്കും തിരിച്ചും ബസ്‌ സൗകര്യം. മിനായിലും അറഫയിലും പ്രത്യേക തമ്പ്‌. മതപഠന ക്ലാസുകള്‍, പരിചയസമ്പന്നരായ അമീര്‍മാരുടെ നേതൃത്വം. നിങ്ങളുടെ സഹായത്തിന്‌ വളണ്ടിയര്‍മാര്‍ സദാ സന്നദ്ധം. സൗദി ഹജ്‌ മന്ത്രാലയത്തിന്റെ അംഗീകാരം... ആനന്ദലബ്‌ധിക്കിനി മറ്റെന്തുവേണ്ടൂ.ഇവരുടെ ഗ്രൂപ്പില്‍ ഹജിനു പോകാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍. പോയവരോ?2001 ലെ ഹജിന്‌ ഞാനും സഹമുറിയരും പോയി, ഇതിലൊരു ഹജ്‌ ഗ്രൂപ്പിനൊപ്പം. റിയാല്‍ 900. എല്ലാം നിയമവിധേയമാകണമെന്ന നിര്‍ബന്ധം ഒരല്‍പം ഉള്ളതുകൊണ്ട്‌ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍നിന്നു പാസ്‌പോര്‍ട്ട്‌ വാങ്ങി അവരുടെ ജിദ്ദയിലെ ഷറഫിയയിലെ കേന്ദ്രത്തിലേക്ക്‌ പോയി. പാസ്‌പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയെടുത്ത്‌ അതുമതിയെന്നു അവര്‍ പറഞ്ഞതിന്‍പടി പണം കൊടുത്തു പേര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഞങ്ങള്‍ മൂവരും മടങ്ങി. പിന്നീട്‌ ഇടക്കിടെ ബന്ധപ്പെട്ടെങ്കിലും തസ്‌രീഹിന്‌ അയച്ചിട്ടുണ്ട്‌, മുതവ്വിഫ്‌ ഓഫീസിലേക്ക്‌ അയച്ചിട്ടുണ്ട്‌ എന്നെല്ലാമുള്ള മറുപടിയാണ്‌ ലഭ്യമായത്‌. വിശ്വസിക്കാതിരിക്കുന്നതെങ്ങനെ. പറയുന്നവര്‍ നിസ്സാരക്കാരല്ലല്ലോ. നാട്ടിലെ ഒരു പ്രബല മതസംഘടനയുടെ ജിദ്ദാ പതിപ്പല്ലേ.പിന്നീട്‌ വന്നൂ അവരുടെ ഫോണ്‍ കോള്‍. തസ്‌രീഹ്‌ റെഡി. ഹജ്‌ ക്ലാസ്‌ ഒരു പ്രമുഖ ഹോട്ടല്‍ ഹാളില്‍. പങ്കെടുത്തു. ഗംഭീരമായ ഹജ്‌ ക്ലാസ്‌. പഠനാര്‍ഹ ഹജ്‌ കര്‍മ വിശദീകരണം. നല്ല ആള്‍ക്കൂട്ടം. അവസാനം സംഘാടകത്തലവന്റെ അറിയിപ്പും. ഹജിനുള്ള ബസ്‌ ഈ ഹോട്ടലിനു മുമ്പില്‍നിന്ന്‌ ദുല്‍ ഹജ്‌ എട്ടിനു കാലത്ത്‌ എട്ടിനു പുറപ്പെടും. എല്ലാവരും കൃത്യസമയത്ത്‌ എത്തണം. എല്ലാവരുടേയും തസ്‌രീഹ്‌ ഞങ്ങളുടെ കയ്യിലുണ്ട്‌. യാത്ര പുറപ്പെടുമ്പോള്‍ നിങ്ങളുടെ കയ്യില്‍ തരുന്നതായിരിക്കും.ദുല്‍ഹജ്‌ എട്ടിനു രാവിലെ പവിത്രമായ ഒരു കര്‍മത്തിന്‌, എല്ലാവിധ അച്ചടക്കവും പാലിച്ച്‌ ഇഹ്‌റാമില്‍ ബസിനടുത്തെത്തി. ഗ്രൂപ്പിന്റെ ആറു ബസുകള്‍. പേര്‌ വിളിച്ച്‌ ഞങ്ങളെയൊരു ബസിലേറ്റി. കയ്യിലൊരു കാര്‍ഡും തന്നു, തസ്‌രീഹ്‌. അല്‍പ സമയത്തിനകം ബസ്‌ മക്കയെ ലക്ഷ്യം വെച്ച്‌ നീങ്ങി. മനസ്സില്‍ ആകാംക്ഷയുടേയും ഭക്തിയുടേയും സമ്മിശ്ര പ്രതിഫലനമായിരുന്നു. പെട്ടെന്നാണ്‌ അമീറിന്റെ ശബ്‌ദം മുഴങ്ങിയത്‌. ബസ്‌ ചെക്ക്‌പോസ്റ്റ്‌ അടുക്കുകയാണ്‌. എല്ലാവരും ഉറക്കെ നബി തിരുമേനിയുടെ പേരില്‍ സ്വലാത്ത്‌ ചെല്ലിക്കൊണ്ടേയിരിക്കണം. പിന്നെ ഒരു പ്രധാനകാര്യം. ചെക്ക്‌ പോസ്റ്റില്‍നിന്ന്‌ പോലീസ്‌ ബസില്‍ കയറിയാല്‍ എല്ലാവരും തസ്‌രീഹ്‌ ഉയര്‍ത്തി കാണിക്കുക. മുന്നിലുള്ള രണ്ടു സീറ്റുകാര്‍ അവരുടെ തസ്‌രീഹ്‌ പോലീസിന്‌ പരിശോധനക്ക്‌ കൊടുത്താല്‍ മതി. മറ്റൊന്നും കൊണ്ടല്ല, സമയം ലാഭിക്കാനാണ്‌. ഇനി എല്ലാവരും സ്വലാത്ത്‌ ഉച്ചത്തില്‍ ചൊല്ലുക. ഉച്ചത്തിലുള്ള സ്വലാത്തിന്റെ അകമ്പടിയോടെ ബസ്‌ ചെക്ക്‌പോസ്റ്റിനടുത്തേക്ക്‌.... ചെക്ക്‌ പോസ്റ്റില്‍വെച്ച്‌ രണ്ടു പോലീസുകാര്‍ ബസില്‍ കയറി. ഞങ്ങളെല്ലാം തസ്‌രീഹ്‌ ഉയര്‍ത്തിക്കാണിച്ചു. പോലീസുകാര്‍ മുമ്പിലുള്ള നാലോ അഞ്ചോ സീറ്റുകാരില്‍നിന്ന്‌ തസ്‌രീഹ്‌ വാങ്ങി ഇറങ്ങിപ്പോയി. അല്‍പസമയം കഴിഞ്ഞ്‌ തിരിച്ചെത്തി എല്ലാവരുടേയും തസ്‌രീഹ്‌ അവര്‍ വാങ്ങിക്കൊണ്ടുപോയി. പിന്നീട്‌ ഈ ഗ്രൂപ്പിന്റെ മുഴുവന്‍ ബസുകളും ചെക്ക്‌പോസ്റ്റ്‌ ബില്‍ഡിംഗിനടുത്തുള്ള ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക്‌ മാറ്റിയിടാനും ഹാജിമാര്‍ എല്ലാവരും പുറത്തിറങ്ങി നില്‍ക്കാനും നിര്‍ദേശമുണ്ടായി. സംഘാടകരുടെ മുഖത്ത്‌ പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു. ഉയര്‍ന്ന തസ്‌തികയിലുള്ള ഒരുദ്യോഗസ്ഥന്‍ ഞങ്ങള്‍ ആറു ബസിലെ യാത്രക്കാരുടെ അടുത്തേക്ക്‌ വന്നു. എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. ഞങ്ങളെല്ലാം ഇരുന്നപ്പോള്‍ അദ്ദേഹം നാല്‍പതോളം പേരുകള്‍ വിളിച്ചു. ഭൂരിഭാഗവും പാക്കിസ്ഥാനികള്‍. അവരോടെല്ലാം ഒരു ബസില്‍ കയറിയിരിക്കാന്‍ പറഞ്ഞു. അവരുടെ തസ്‌രീഹുകള്‍ തിരിച്ചു നല്‍കുകയും ആ ബസിനെ മക്കയിലേക്ക്‌ പോകാന്‍ അനുവദിക്കുകയും ചെയ്‌തു. ബാക്കിയുള്ളവരോട്‌ ആ ഉദ്യോഗസ്ഥന്‍ അറബിയില്‍ സംസാരിച്ചു. ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ അറബിയറിയുന്ന മറ്റുള്ളവരില്‍നിന്ന്‌ ഗ്രഹിച്ചതിന്റെ രത്‌നച്ചുരുക്കമിങ്ങനെ- ഇരുന്നൂറ്റമ്പതോളം ഹാജിമാരില്‍ 40 പേരുടേതൊഴികെ ബാക്കിയെല്ലാം കള്ളത്തസ്‌രീഹുകള്‍. സംഘത്തില്‍ ഒരുപാട്‌ സ്‌ത്രീകളും കുട്ടികളും ഉള്ളതിനാല്‍ ആരേയും നിയമലംഘനത്തിന്‌ ശിക്ഷിക്കുന്നില്ല. പക്ഷേ മക്കയില്‍ പ്രവേശിപ്പിക്കാനാവില്ല. അതുകൊണ്ട്‌ ബസ്‌ ജിദ്ദയിലേക്ക്‌ തിരിച്ചു വിടുകയാണ്‌. ബസ്‌ ജിദ്ദാ ദിശയിലേക്ക്‌. എല്ലാവരുടേയും മുഖത്ത്‌ കോപവും നിരാശയും. ഹാജിമാരുടെ ശബ്‌ദം ഉച്ചത്തിലായി. ഹാജിമാര്‍ ഒന്നിലും പ്രകോപിതരാവരുതെന്ന്‌ അമീറിന്റെ നബിവചനത്തിന്റേയും ഖുര്‍ആന്‍ സൂക്തങ്ങളുടേയും അകമ്പടിയോടെയുള്ള അഭ്യര്‍ഥന. ചതിയില്‍ പെട്ടതാണെന്നും എന്തു വിലകൊടുത്തും എല്ലാവരേയും ഹജ്‌ ചെയ്യിക്കുമെന്നും വാഗ്‌ദാനം. ബസ്‌ ശുമൈസി പെട്രോള്‍ പമ്പില്‍ പ്രവേശിച്ചു. സമയം ഉച്ച മൂന്നുമണി. വിശപ്പും ദാഹവും സഹിക്കാതെയുള്ള സ്‌ത്രീകളുടെ ദയനീയത. കുട്ടികളുടെ കരച്ചില്‍.കൂട്ട പ്രതിഷേധത്തിനിടെ സംഘാടകര്‍ ഭക്ഷണത്തിന്‌ ഏര്‍പ്പാടു ചെയ്‌തു. സംഘാടകരില്‍ ചിലര്‍ തോബ്‌ ധരിച്ച ചിലരുമായി സംസാരിക്കുകയും ഞങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഭക്ഷണശേഷം അമീര്‍ ഞങ്ങള്‍ക്കടുത്തുവന്നു ഉറക്കെപ്പറഞ്ഞു- നമ്മള്‍ മക്കയിലേക്ക്‌ പോവുകയാണ്‌, തായിഫ്‌ ചെക്ക്‌പോസ്റ്റ്‌ വഴി. അതിനുള്ള ഏര്‍പ്പാടെല്ലാം ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാവരുടെയും ദേഷ്യം ഒരു പരിധിവരെ ശമിച്ചു. വീണ്ടും പ്രതീക്ഷക്ക്‌ നാമ്പു മുളച്ചു. അഞ്ചു ബസുകളും വീണ്ടും മക്കയിലേക്ക്‌, മുമ്പില്‍ കാറില്‍ സംഘാടകര്‍ നേരത്തെ സംസാരിച്ച തോബ്‌ ധരിച്ച സംഘത്തിലെ രണ്ടു പേര്‍. അമിതമായ ക്ഷീണം കാരണം ഞങ്ങളില്‍ പലരും മയക്കത്തിലേക്കു വഴുതി. കണ്ണു തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോള്‍ ചുറ്റും വിജനത. വിശാലമായ മണല്‍പ്പരപ്പ്‌. നേര്‍വഴിക്കല്ല യാത്രയെന്നും മരുഭൂമിയിലൂടെയാണെന്നും അധികം താമസിയാതെ ഞങ്ങള്‍ക്ക്‌ മനസ്സിലായി. ബസ്‌ കുറേക്കൂടി മുമ്പോട്ടുപോയി റോഡില്‍ കയറി. ബസ്‌ അഞ്ചുള്ളത്‌ മൂന്നായി കുറഞ്ഞിട്ടുണ്ട്‌. ബാക്കി രണ്ടെണ്ണം മറ്റു വഴിക്ക്‌ പോയിട്ടുണ്ടാവാം. കുറച്ചു മുമ്പോട്ടു നീങ്ങിയതേയുള്ളൂ, നാലഞ്ചു പോലീസ്‌ വണ്ടികള്‍ ചീറിപ്പാഞ്ഞു വന്നു ബസുകള്‍ സൈഡാക്കാന്‍ പറഞ്ഞു. ചുറ്റും ഇരുട്ടു വ്യാപിച്ചു തുടങ്ങിയിരുന്നു. പോലീസ്‌ വണ്ടികളിലെ ഹെഡ്ഡ്‌ ലൈറ്റുകള്‍ പ്രകാശിപ്പിച്ച്‌ അവര്‍ അവിടെ വെളിച്ചം വിതറി. ബസില്‍നിന്നും എല്ലാവരോടും പുറത്തിറങ്ങാന്‍ അവര്‍ ആജ്ഞാപിച്ചു. കൂട്ടത്തില്‍ ധാരാളം സ്‌ത്രീകളേയും പിഞ്ചുകുട്ടികളേയും കണ്ടപ്പോള്‍ അവരോട്‌ ബസിനകത്തുതന്നെ കയറിരുന്നുകൊള്ളാന്‍ പറഞ്ഞു. അതിനുശേഷം പോലീസ്‌ വണ്ടികളിലൊന്ന്‌ സിഗ്നല്‍ ലൈറ്റിട്ടു ഓടിച്ചു പോയി. ഇരുട്ടില്‍ മരുഭൂമിയില്‍ പോലീസ്‌ കാവലില്‍ ഒരു സംഘം കുറ്റവാളികളെപ്പോലെ ഞങ്ങള്‍ നിന്നു. ഹജ്‌ ചെയ്യുക എന്ന ചിന്ത തന്നെ മനസ്സില്‍നിന്നും പിഴുതെറിയാന്‍ തുടങ്ങിയ നിമിഷങ്ങള്‍....എല്ലാവരേയും ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ സംഘാടകര്‍ മുന്നോട്ടു വരണമെന്നും പോലീസുകാര്‍ വിളിച്ചു പറഞ്ഞു. ഒരാളും മുന്നോട്ടു വന്നില്ല. സിഗ്നല്‍ ലൈറ്റിട്ടുപോയ പോലീസ്‌ വണ്ടി തിരിച്ചു വന്നു. നിറയെ ജ്യൂസ്‌ പാക്കറ്റുകളും ചിപ്പ്‌സ്‌ പാക്കറ്റുകളും കുട്ടികള്‍ക്ക്‌ പാലും ബിസ്‌ക്കറ്റുകളുമൊക്കെയായി. അവരത്‌ എല്ലാവര്‍ക്കും വിതരണം ചെയ്‌തു. സൗദി പോലീസിനെ മതിപ്പോടെ നോക്കിനിന്നുപോയ നിമിഷങ്ങള്‍. ഇതിനിടെ സംഘാടകരില്‍ താരതമ്യേന ചെറുപ്പക്കാരായ രണ്ടുപേര്‍ ഞങ്ങളാണ്‌ സംഘാടകരെന്നു പറഞ്ഞ്‌ പോലീസിനു മുമ്പില്‍ കീഴടങ്ങി. സംഘാടക നേതാക്കള്‍ ബലിയര്‍പ്പിക്കാന്‍ നല്‍കിയ ഇരകളായിരുന്നു അവരെന്ന്‌ ഞങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. കീഴടങ്ങിയവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഞങ്ങളെ വെറുതെ വിട്ടു. തിരിച്ച്‌ വീണ്ടും ശുമൈസി പെട്രോള്‍ പമ്പില്‍.ഹജ്‌ ചിന്തകള്‍ ഉപേക്ഷിക്കാം എന്ന കടുത്ത തീരുമാനത്തോടെ സംഘാടകരോട്‌ ചെറുതായി ഉടക്കി ബസില്‍നിന്നിറങ്ങി ഒരു ചായകുടിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ മൂവര്‍ സംഘത്തിനടുത്തേക്ക്‌ സംഘാടകരില്‍ ഒരാളും മറ്റൊരു യുവാവും സമീപിച്ചു. യുവാവ്‌ ഞങ്ങളെ അസീസിയ ക്യാമ്പിലെത്തിക്കുമെന്നും അയാളോടൊപ്പം പോകണമെന്നും അഭ്യര്‍ഥിച്ചു. ആദ്യം ഞങ്ങള്‍ ഓഫര്‍ നിരസിച്ചുവെങ്കിലും ഹജ്‌ ചെയ്യുക എന്ന അടക്കാനാവാത്ത വാഞ്‌ഛ വീണ്ടും ഞങ്ങളെ സാഹസത്തിനു പ്രേരിപ്പിച്ചു. ഞങ്ങള്‍ നാലുപേരും യുവാവിനൊപ്പം വണ്ടിയില്‍ കയറി, വണ്ടി ശുമൈസി ചെക്ക്‌പോസ്റ്റിലൂടെ നിഷ്‌പ്രയാസം മക്കയിലേക്ക്‌. അസീസിയയിലെ ക്യാമ്പിനു മുമ്പില്‍ ഞങ്ങളെ ഇറക്കിയ ഡ്രൈവര്‍ക്ക്‌ ഞങ്ങളോടൊപ്പം കയറിയ വളണ്ടിയര്‍ നാന്നൂറ്‌ റിയാല്‍ നല്‍കി. പിന്നെ ദുരന്തങ്ങളുണ്ടായില്ല. സുഖകരമായ ഹജ്‌, അല്‍ഹംദുലില്ലാഹ്‌. ഇപ്പോഴും സജീവമായ ഇങ്ങനെയുള്ള സംഘങ്ങള്‍ കള്ളത്തസ്‌രീഹിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ടാകാം. ഹജിനു പോകുന്നത്‌ അംഗീകാരമുള്ള ഗ്രൂപ്പിന്റെ കൂടെയാവണമെന്ന സൗദി ഹജ്‌ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ ഈ വിധ തട്ടിപ്പുസംഘങ്ങളെ വിശ്വസിച്ചിറങ്ങുന്ന നമ്മള്‍ തന്നെയല്ലെ യഥാര്‍ഥ കുറ്റവാളികള്‍. ഈ വിധ തട്ടിപ്പുസംഘങ്ങളെ ഇനിയെന്നാണ്‌ നമുക്ക്‌ തിരിച്ചറിയാനാവുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ