പേജുകള്‍‌

2010, ജൂൺ 13, ഞായറാഴ്‌ച

തെക്കേപ്പുറത്തിന്‌ വെളിച്ചമായി സാന്റ്‌ ഷൈന്‍സ്‌


സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കോഴിക്കോട്‌ തെക്കേപ്പുറം ഉള്‍പ്പെടെയുള്ള തീരദേശത്തെ ജനങ്ങളെ പൊതുസമൂഹത്തിലേക്ക്‌ കൊണ്ടുവരുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവരില്‍ വിദ്യാഭ്യാസ മുന്നേറ്റം സൃഷ്ടിക്കുന്നതിനും വേണ്ടി 2003 മുതല്‍ യുവസാഹിതീ സമാജം നടപ്പിലാക്കിവരുന്ന ദീര്‍ഘകാല പദ്ധതിയാണ്‌ സാന്റ്‌ ഷൈന്‍സ്‌. പള്ളിക്കണ്ടി മുതല്‍ വെള്ളയില്‍ ബംഗ്ലാദേശ്‌ കോളനി വരെയുള്ള പ്രദേശങ്ങളില്‍ നടത്തിയ വിപുലമായ സര്‍വേയിലൂടെ തയ്യാറാക്കിയ ഈ പദ്ധതിയുടെ ഒന്നാംഘട്ടം പള്ളിക്കണ്ടി കോതി മുതല്‍ ചാപ്പയില്‍ വരെയുള്ള തീരദേശത്ത്‌ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്‌്‌. തീരപ്രദേശത്തെ മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടു ആയി ഉയര്‍ത്തുക, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതിന്‌ ചെറുപ്പത്തിലെ മാര്‍ഗനിര്‍ദേശം നല്‍കുക, അതിന്‌ ആവശ്യമായ വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തുക, സ്‌ത്രീകള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍, കൗണ്‍സലിംഗ്‌ സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി വിവിധ പദ്ധതികള്‍ സാന്റ്‌ ഷൈന്‍സ്‌ പ്രോജക്ടിലൂടെ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിവരുന്നുണ്ട്‌.

2003 മുതല്‍ അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളില്‍ പഠിക്കുന്ന ഈ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി പദ്ധതിയുടെ കീഴില്‍ എം.എം. ജൂബിലി സ്‌കൂളില്‍ പോസിറ്റീവ്‌ സെന്റര്‍ സംഘടിപ്പിച്ചു വരുന്നു. എല്ലാദിവസവും വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെ പഠനത്തിന്‌ ആവശ്യമായ സൗകര്യം ഈ സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിന്‌ വേണ്ടി ഒന്‍പത്‌ പരിശീലകര്‍ സെന്ററില്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. സെന്റര്‍ ഇപ്പോള്‍ 200 കുട്ടികള്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്‌. ഈ സെന്ററില്‍ പഠിച്ച 29 വിദ്യാര്‍ഥികള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ വിജയ ശതമാനത്തില്‍ വളരെ പിന്നിലായിരുന്ന കുറ്റിച്ചിറ ഗവ. ഹൈസ്‌കൂള്‍ 2009-ല്‍ നൂറ്‌ ശതമാനം വിജയം നേടിയെടുത്തതിനു പിന്നിലും ഈ പ്രോജക്ടിന്റെ നിര്‍ണായക പങ്കുണ്ട്‌. പ്രസ്‌തുത വര്‍ഷം പരീക്ഷക്ക്‌ ഇരുന്ന 30 പേരില്‍ 14 പേരും സാന്റ്‌ഷൈന്‍സ്‌ പ്രോജക്ടിന്റെ കീഴിലുള്ളവരായിരുന്നു. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്‌ കുറച്ചുകൊണ്ടുവരുന്നതിന്‌ പോസിറ്റീവ്‌ സെന്ററിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമായിട്ടുണ്ട്‌. കോഴിക്കോട്‌ എന്‍.ഐ.ടിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും കാസര്‍കോട്‌ എന്‍ജിനീയറിംഗ്‌ കോളേജിലും പഠിക്കുന്ന മൂന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തിന്‌ ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കുന്നത്‌ സാന്റ്‌ഷൈന്‍സ്‌ പ്രോജക്ടാണ്‌. ഇതോടൊപ്പം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനിക്ക്‌ ആദ്യവര്‍ഷത്തെ ചെലവും കൂടാതെ ഫാറൂഖ്‌ കോളേജില്‍ ബി.എസ്‌സി സോഷ്യോളജിക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥിനി, ഷാഫി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സഡ്‌ സ്റ്റഡിയില്‍ ബി.എസ്‌സി ബയോടെക്‌നോളജിക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥി എന്നിവര്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നു. പോസിറ്റീവ്‌ സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത്‌ വയനാട്‌ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ വെച്ച്‌ ത്രിദിന പഠനകേമ്പ്‌ സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനവും സാംസ്‌കാരിക വളര്‍ച്ചയുമായിരുന്നു കേമ്പിന്റെ ലക്ഷ്യം. ഈ അക്കാദമിക്‌ വര്‍ഷം മുതല്‍ പോസിറ്റീവ്‌ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ യുവസാഹിതി സമാജം തീരുമാനിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ എം.എം. ജൂബിലി സ്‌കൂളില്‍ നടത്തുന്ന പോസിറ്റീവ്‌ സെന്ററിന്‌ പുറമെ പള്ളിക്കണ്ടി ഭാഗത്ത്‌ രണ്ടാമതൊരു സെന്റര്‍ കൂടി ആരംഭിക്കുകയാണ്‌. 400 വിദ്യാര്‍ഥികള്‍ക്ക്‌ സെന്ററില്‍ സൗകര്യം ലഭ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2012-ഓടെ 1000 വിദ്യാര്‍ഥികളെ ഈ പദ്ധതിക്ക്‌ കീഴില്‍ കൊണ്ടുവരുവാന്‍ തീവ്രശ്രമം നടത്തിവരികയാണ്‌.
ഇതോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്ക്‌ വേണ്ടി എല്ലാ മാസവും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. കുടുംബാന്തരീക്ഷത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഈ ക്ലാസുകള്‍ പ്രകടമായ മാറ്റങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. അമ്മമാരുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നത്‌ ഇത്തരം ക്ലാസുകളുടെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്‌. വര്‍ധിച്ചുവരുന്ന അധാര്‍മികതയെ നേരിടുന്നതിന്‌ ഈ വര്‍ഷം മുതല്‍ കൗമാരപ്രായക്കാര്‍ക്ക്‌ പ്രത്യേക കൗണ്‍സലിംഗ്‌ ക്ലാസുകളും പ്രീമാരിറ്റല്‍ കൗണ്‍സലിംഗുകളും നടത്തുവാന്‍ പ്രോജക്ട്‌ ലക്ഷ്യമിടുന്നു. ഒരു ഫാമിലി കൗണ്‍സലിംഗ്‌ സെന്റര്‍, തൊഴില്‍ പരിശീലനകേന്ദ്രം, ആരോഗ്യപരിപാലന കേന്ദ്രം, റെമഡിയല്‍ കോച്ചിംഗ്‌ സെന്റര്‍ എന്നിവ നടത്തുന്നതിനായി തീരദേശത്ത്‌ വിപുലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. സ്ഥലം ലഭ്യമാകുകയാണെങ്കില്‍ ബഹുനില കെട്ടിടം പണിതു നല്‍കുവാന്‍ പേര്‌ ഇപ്പോള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന ഒരു മാന്യവ്യക്തി സന്നദ്ധമായിട്ടുണ്ട്‌.
1952-ലാണ്‌ കോഴിക്കോട്‌ നഗരത്തിലെ കടലോര മേഖലയില്‍ തെക്കേപ്പുറം എന്നറിയപ്പെടുന്ന പ്രദേശം കേന്ദ്രീകരിച്ച്‌ യുവസാഹിതി സമാജം രൂപീകൃതമായത്‌. തെക്കേപ്പുറം തറവാടുകളിലൊന്നായ അടക്കാനി വീട്ടില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ സംഘടനക്ക്‌ രൂപം നല്‍കുകയായിരുന്നു. തെക്കേപ്പുറത്തെ സാമൂഹ്യ-വിദ്യാഭ്യാസ രംഗത്ത്‌ യുവസാഹിതി ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ന്‌ തെക്കേപ്പുറത്തിന്റെ തലസ്ഥാനമായ ഇടിയങ്ങര കേന്ദ്രീകരിച്ച്‌ വിപുലമായ ലൈബ്രറിയും പ്രദേശത്തിന്റെ പുരോഗതിക്കായി എണ്ണമറ്റ സ്ഥാപനങ്ങളും യുവസാഹിതിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാന്റ്‌ ഷൈന്‍സ്‌ പ്രോജക്ടിന്റെ കീഴില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ യുവസാഹിതി ട്രസ്റ്റ്‌ ചെയര്‍മാനും മദ്രാസ്‌ ആവലോണ്‍ ടെക്‌നോളജി ചെയര്‍മാനുമായ ടി.പി. ഇമ്പിച്ചഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഈ പ്രദേശത്തെ വിദ്യാര്‍ഥികളുടെ ഉന്നതിക്കായി എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പ്‌ സുഗമമാക്കുന്നതിന്‌ ഈ വര്‍ഷം തന്നെ പള്ളിക്കണ്ടി-മുഖദാര്‍ ഭാഗത്ത്‌ ബഹുനില കെട്ടിടം പണിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി.കെ. അഹമ്മദ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 29 വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. സിയാസ്‌ സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ. ഹസന്‍കോയ ആശംസകള്‍ അര്‍പ്പിച്ചു. യുവസാഹിതീ സമാജം ജനറല്‍ സെക്രട്ടറി സി.എ. സലിം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ സി.വി. മുഹമ്മദ്‌ നൗഫല്‍ സ്വാഗതവും സെക്രട്ടറി കെ.എം. റാഷിദ്‌ അഹമ്മദ്‌ നന്ദിയും പറഞ്ഞു.